അധ്യാപക ജീവിതത്തിലെ പൊള്ളുന്ന ഓർമ്മ

അന്ന് വൈകുന്നേരം, സ്കൂളിന്റെ നീണ്ട വരാന്തയിൽ ഞാൻ നിൽക്കുമ്പോൾ ആ കൊച്ചുമിടുക്കി ഓടി എന്റെ അടുത്തേക്ക് വന്നു. കണ്ണുകളിൽ പ്രതീക്ഷയും സങ്കടവും കലർന്ന ആ കുട്ടി എന്നോട് ചോദിച്ചു: "സാറേ... ഞാനും വരട്ടെ മാഷിന്റെ വീട്ടിലേക്ക്? അവിടെ എന്തെങ്കിലും പണിയെടുത്ത് ഞാൻ ജീവിച്ചോളാം..."

   അനുഭവം   ഡോ. എ.സുരേഷ് കുമാർ


1994-ലാണ്  ബി.എഡ് പൂർത്തിയാക്കിയത് . 

95-ൽ തന്നെ വയനാട്ടിൽ, പത്തനാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മലങ്കര ഓർത്തഡോക്സ് മാനേജ്‌മെന്റിന്റെ എം.ടി.ഡി.എം. ഹൈസ്കൂളിൽ അധ്യാപക ഒഴിവുണ്ടെന്ന പരസ്യം പത്രത്തിന്റെ ഒരു മൂലയിൽ കണ്ടു. ഒട്ടും പരിചയമില്ലാത്ത പരിസരവും മാനേജ്‌മെന്റുമാണ്; എങ്കിലും ഞാൻ അപേക്ഷ അയച്ചു.

1995 ജൂലൈയിൽ അഭിമുഖത്തിൽ പങ്കെടുത്തു. വേഷത്തിലും അച്ചടക്കത്തിലും പെരുമാറ്റത്തിലും പ്രത്യേകത പുലർത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്കൂൾ. അവരുടെ ഇടയിലേക്ക്, ചെരിപ്പുപോലുമിടാതെ ഒറ്റമുണ്ടും ധരിച്ച്, ആദർശത്തിന്റെ മൂർച്ചയുമായി ഞാനും എത്തിപ്പെട്ടു. വരാന്തയിലെ ബെഞ്ചിലിരിക്കുമ്പോൾ അധ്യാപകർക്കും മറ്റു ഉദ്യോഗാർത്ഥികൾക്കും ഇടയിൽ ഞാൻ ഒറ്റപ്പെട്ടുപോകുന്നതായും, ഒരു അനൗചിത്യത്തിന്റെ മണം എനിക്കുചുറ്റും പടരുന്നതായും തോന്നി.

ഓരോരുത്തരെയായി അഭിമുഖത്തിനായി വിളിച്ചു. നാലാമതായി എന്റെ ഊഴമെത്തി. താടിവെച്ച്, തൊപ്പിധരിച്ച്, തലയെടുപ്പോടെ സ്കൂൾ മാനേജരായ എബ്രഹാം അച്ചനും ഹെഡ്മാസ്റ്ററും മറ്റ് രണ്ട് അച്ചന്മാരും ചേർന്ന സമിതിക്ക് മുന്നിലാണ് ഞാൻ ഇരുന്നത്. മലയാള സാഹിത്യവും വിദ്യാഭ്യാസ മനഃശാസ്ത്രവും സ്വന്തം പേരിന്റെ പൊരുളും ജന്മദേശമായ അത്തോളിയുടെ വിശേഷങ്ങളും ചോദ്യങ്ങളിൽ മിന്നിമറഞ്ഞു. ഉത്തരങ്ങൾ സവിശേഷമായ ആത്മവിശ്വാസത്തോടെ പാറിപ്പറന്നുവന്നു. എന്നാൽ, അവസാനത്തെ ചോദ്യം അത്തോളിക്കാരനായ സി.എച്ച്. മുഹമ്മദ് കോയയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണ സൗന്ദര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ അല്പമൊന്നു പതറി. സി.എച്ചിന്റെ പ്രസംഗങ്ങൾ നേരിട്ട് കേൾക്കാനോ അദ്ദേഹത്തെ ആഴത്തിൽ മനസ്സിലാക്കാനോ ഞാൻ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. "അറിയില്ല" എന്ന് തുറന്നുപറഞ്ഞു. അതോടെ അഭിമുഖം പൂർത്തിയായി.

പച്ചവിരിച്ച നെൽപ്പാടങ്ങളും പുൽമൈതാനങ്ങളും കുന്നിൻചെരിവുകളും താഴ്‌വാരങ്ങളും പിന്നിട്ട്, മഴക്കാലത്ത് മാത്രം നിറഞ്ഞു കവിയുന്ന നിരവിൽപ്പുഴയെയും കോറോം അങ്ങാടിയും പക്രന്തളവും കടന്ന് ചുവന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ഞാൻ നാടണഞ്ഞു. ദിവസങ്ങൾ കടന്നുപോയി. ഒരുദിനം എന്റെ വീടിന് മുന്നിലെ പീടികയിൽ എനിക്കായി ഒരു മഞ്ഞ പോസ്റ്റുകാർഡ് എത്തി. കൗതുകത്തോടെ അതു തുറന്ന ഞാൻ അത്ഭുതപ്പെട്ടു! പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് എം.ടി.ഡി.എം സ്കൂളിലേക്ക് നിയമനം ലഭിച്ച വിവരമായിരുന്നു അതിൽ.

അങ്ങനെ, എയ്ഡഡ് സ്കൂൾ മാനേജർക്ക് നൽകേണ്ട പോസ്റ്റിംഗ് തുകയുമായി ഞാനും ജ്യേഷ്ഠനും പത്തനാപുരത്തേക്ക് തീവണ്ടി കയറി. പിറ്റേന്ന് രാവിലെ പത്തനാപുരത്തെ വിശാലമായ വിദ്യാഭ്യാസ കോംപ്ലക്സിൽ എത്തി ഓഫീസ് നടപടികൾ പൂർത്തിയാക്കി. ജോയിനിംഗ് ലെറ്ററുമായി തിരികെ വയനാട്ടിലേക്ക്.

1995-ൽ ഞാൻ ഒരു എച്ച്.എസ്.എ (HSA) ആയി ചുമതലയേറ്റു. 

അധ്യാപനത്തിലെ പ്രായോഗിക വഴികൾ പരീക്ഷണങ്ങളിലൂടെ മാത്രം അറിയുന്ന കേവലം ഒരു ബി.എഡ് കാരൻ. എട്ടിലും ഒമ്പതിലും 'ആവണിപ്പാടവും' 'ഭക്തവാത്സല്യവും' പഴഞ്ചൊല്ലുകളുടെ മഹിമയുമൊക്കെ ക്ലാസുകളിൽ ആടിത്തിമിർത്തു. കലോത്സവത്തിലെ ടാബ്ലോ, കായികമത്സരങ്ങൾ, നാടകം എന്നിങ്ങനെ സ്കൂളിന്റെ സവിശേഷ മേഖലകളിലെല്ലാം എനിക്ക് ഇടപെടേണ്ടിവന്നു. എന്റെ കഴിവുകൾ പരമാവധി ഞാൻ പ്രയോജനപ്പെടുത്തുകയും ചെയ്തു.

സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നിൽക്കുന്ന ആദിവാസി-മുസ്ലിം വിഭാഗങ്ങളിൽപ്പെട്ട കുട്ടികളായിരുന്നു എം.ടി.ഡി.എം സ്കൂളിൽ ഏറെയും. അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഞാൻ നടത്തുന്ന ശ്രമങ്ങളെ മുതിർന്ന അധ്യാപകനായ വിൻസന്റ് സാർ കൗതുകത്തോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥികളിൽ കണ്ട അക്ഷരവെളിച്ചത്തിന്റെ കുറവും വായനാശീലമില്ലായ്മയും ഞങ്ങൾ ആഴത്തിൽ ചർച്ച ചെയ്തു. മറ്റു അധ്യാപകരുടെ പിന്തുണയോടെ, എട്ടിലും ഒമ്പതിലും പഠിക്കുന്ന, എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഒരു പ്രത്യേക പരീക്ഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തി. വൈകുന്നേരം 4 മുതൽ 5 മണി വരെ അവർക്കായി പ്രത്യേക പഠന മൊഡ്യൂളുകൾ തയ്യാറാക്കി ക്ലാസുകൾ ആരംഭിച്ചു.

വയനാട്ടിലായിരുന്നു താമസം എന്നതിനാൽ രാവിലത്തെയും വൈകുന്നേരത്തെയും ഭൂരിഭാഗം സമയവും സ്കൂളിൽത്തന്നെ ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. മൺമറഞ്ഞുപോയ രവിയേട്ടൻ, വിനോദൻ മാഷ്, ഈയിടെ സർവീസിൽ നിന്ന് വിരമിച്ച വിജയൻ മാഷ്, ഇബ്രായിക്ക എന്നിവരെല്ലാം ഈ 'അക്ഷരവെളിച്ചം' ക്ലാസുകളിൽ ഏറെ താല്പര്യത്തോടെ പങ്കാളികളായി. എട്ടാം ക്ലാസിലെത്തുന്ന കുട്ടികളെ ജൂൺ മാസത്തിൽത്തന്നെ പരിശോധിച്ച്, മലയാളത്തിൽ പിന്നാക്കമുള്ളവരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്ന രീതി തുടർന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ, 1997-ൽ ആ പ്രത്യേക ക്ലാസിലേക്ക് ഒരു കൊച്ചുമിടുക്കി കടന്നുവന്നു. തട്ടമിട്ട്, യൂണിഫോമും ധരിച്ച്, പഴകിയ പുസ്തകവുമായി വന്ന ആ കുട്ടിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. (അവളുടെ പേര് ഞാൻ ബോധപൂർവ്വം മറയ്ക്കുകയാണ്; അവൾ ഇപ്പോഴും എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകാം). ദാരിദ്ര്യത്തിന്റെയും അനാഥത്വത്തിന്റെയും സർവ്വ ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നെങ്കിലും അവൾക്ക് സാമാന്യം നല്ല രീതിയിൽ എഴുതാനും വായിക്കാനും അറിയാമായിരുന്നു. "മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്" എന്ന് പറയുംപോലെ, ആ പ്രത്യേക ക്ലാസിലെ ഏറ്റവും മിടുക്കി അവളായിരുന്നു! 

പഠിക്കാനും വായിക്കാനും ഏറെ താല്പര്യമുള്ള, വിനയവും സ്നേഹവുമുള്ള ഒരു കുട്ടി. ക്ലാസ് മുറി വൃത്തിയാക്കുന്നതിലും മറ്റു കുട്ടികളെ ഒരുക്കുന്നതിലും അവൾ മുന്നിൽനിന്നു. ക്ലാസിൽ നിന്ന് ഓടിപ്പോകുന്ന കുട്ടികളെ തിരികെ എത്തിക്കാനും അവൾ ഞങ്ങളെ സഹായിച്ചു. ചുരുങ്ങിയ നാളുകൾകൊണ്ട് എന്റെ മനസ്സിൽ ആഴത്തിൽ ഇടംനേടിയ ഒരു കൊച്ചുമിടുക്കി.

1997 ഓഗസ്റ്റ് മാസത്തിലാണെന്ന് തോന്നുന്നു, ആ കുട്ടിയുടെ ഉമ്മ മരണപ്പെട്ട വിവരം ഞങ്ങൾ അറിയുന്നത്. കേട്ടപ്പോൾ വലിയ സങ്കടം തോന്നി. ഞങ്ങൾ അധ്യാപകർ ഉടൻതന്നെ ജീപ്പിൽ നിരവിൽപ്പുഴയ്ക്കടുത്തുള്ള അവളുടെ ഗ്രാമത്തിലെത്തി. നാട്ടുകാരോട് വഴി ചോദിച്ച്, കാട്ടുവഴികളും മുളങ്കാടുകളും പിന്നിട്ട് കുന്നിൻചെരിവിലെ ചോർന്നൊലിക്കുന്ന ആ വീട്ടുമുറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നു.

ആറ് പെൺമക്കൾ! അവരെ പോറ്റി വളർത്തിയിരുന്ന ആ ഉമ്മയും യാത്രയായിരിക്കുന്നു. ബാപ്പയാണെങ്കിൽ എന്നോ കുടുംബത്തെ ഉപേക്ഷിച്ചു പോയതായിരുന്നു. പൂർണ്ണമായും അനാഥമായ ഒരു കുടുംബം. പള്ളിക്കമ്മിറ്റിയും നാട്ടുകാരും സഹായങ്ങളുമായി മുന്നോട്ടുവന്നു. ജീവിതത്തിന്റെ ദാരുണമായ വൈപരീത്യങ്ങൾ!

ദിവസങ്ങൾക്കുശേഷം ആ കൊച്ചുമിടുക്കി വീണ്ടും ക്ലാസിലെത്തി. പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടിരുന്നെങ്കിലും പഠനത്തിൽ അവൾ ഇപ്പോഴും മുന്നിൽത്തന്നെയായിരുന്നു. അവളെ പ്രത്യേകം ശ്രദ്ധിക്കുന്നതിലും നോട്ടുബുക്കുകൾ വാങ്ങി നൽകുന്നതിലും ഞാൻ ശ്രദ്ധിച്ചു.

ഒരിക്കൽ എട്ട് 'ബി' ക്ലാസിൽ രാമപുരത്തു വാര്യരുടെ 'കുചേലവൃത്തം വഞ്ചിപ്പാട്ടിലെ' "ഭക്തവാത്സല്യം" എന്ന ഭാഗം പഠിപ്പിക്കുകയായിരുന്നു. കുചേലന്റെ ദാരിദ്ര്യവും അതിനിടയിൽ ശ്രീകൃഷ്ണൻ നൽകുന്ന കൈത്താങ്ങും ആദർശപൂർവ്വം വിശദീകരിച്ചു കൊടുത്ത നിമിഷങ്ങൾ...

അന്ന് വൈകുന്നേരം, സ്കൂളിന്റെ നീണ്ട വരാന്തയിൽ ഞാൻ നിൽക്കുമ്പോൾ ആ കൊച്ചുമിടുക്കി ഓടി എന്റെ അടുത്തേക്ക് വന്നു. കണ്ണുകളിൽ പ്രതീക്ഷയും സങ്കടവും കലർന്ന ആ കുട്ടി എന്നോട് ചോദിച്ചു: "സാറേ... ഞാനും വരട്ടെ മാഷിന്റെ വീട്ടിലേക്ക്? അവിടെ എന്തെങ്കിലും പണിയെടുത്ത് ഞാൻ ജീവിച്ചോളാം..."

ആ ചോദ്യം എന്റെ അകംപൊള്ളിച്ചു! കൊടിയ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും അനാഥത്വത്തിന്റെയും ആഴങ്ങളിൽ നിന്ന് ഉയർന്നുവന്ന ചോദ്യം! എന്തുത്തരം പറഞ്ഞ് അവളെ ആശ്വസിപ്പിക്കുമെന്നറിയാതെ ഒരധ്യാപകൻ പതറിപ്പോയ നിമിഷം...

കപടമായ ചില സമാധാനവാക്കുകൾ പറഞ്ഞ് അന്നവളെ യാത്രയാക്കിയെങ്കിലും, വർഷങ്ങൾക്കിപ്പുറവും ആ ചോദ്യം ഒരു നീറ്റലായി എന്റെയുള്ളിൽ തങ്ങിനിൽക്കുന്നു... പൊള്ളുന്ന ഒരു ഓർമ്മയായി!

Follow us on WhatsApp

bahuswara

Previous Post Next Post