അമേരിക്കൻ സാമ്രാജ്യത്വം അസ്തമിക്കുകയാണ്

ലോകത്തിന്റെ പോലീസ് എന്നറിയപ്പെടുന്ന അമേരിക്കൻ ഐക്യനാടുകളുടെ ശക്തിയും ആഗോള മേധാവിത്വവും  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദശാബ്ദമാണിത്. നേരം ഇരുട്ടി വെളുക്കുന്നത് പോലെ വേഗത്തിൽ സംഭവിക്കുന്നതോ ഒന്നോ രണ്ടോ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിശകലനം ചെയ്യാൻ മാത്രം ലളിതമായതോ അല്ല ഈ പരിണാമങ്ങൾ. ഇത് മനസിലാക്കാൻ ഈ പ്രതിഭാസത്തെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പശ്ചാത്തലത്തിലൂടെ ശ്രദ്ധാപൂർവം  വിശകലനം ചെയ്യേണ്ടതുണ്ട്.

  പഠനം  | എം എസ്‌ ഷൈജു 


ലോകത്ത് ​ചരിത്രത്തോളം വലിയ ഗുരുനാഥനായി മറ്റാരുമില്ല. മനുഷ്യനെ വലിയ പാഠങ്ങൾ പഠിപ്പിക്കുകയും തിരുത്തിക്കുകയും ചെയ്യാനുള്ള ശക്തി ചരിത്രത്തിനുണ്ട്. ഈ ലോകത്തിൻ്റെയും മനുഷ്യ കുലത്തിൻ്റെയും സഞ്ചാരം കണ്ട മഹാസാക്ഷിയാണ് ചരിത്രം. ഒട്ടേറെ സാമ്രാജ്യങ്ങളുടെയും ചക്രവർത്തിമാരുടെയും ഉദയാസ്തമയങ്ങൾക്ക് ചരിത്രം സാക്ഷിയായിട്ടുണ്ട്. ലോകത്തെ മുഴുവനും വിറപ്പിച്ച സാമ്രാജ്യങ്ങളുടെ വളർച്ചയും തകർച്ചയും ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. അധികാരത്തിൻ്റെ മുഷ്‌ക് കൊണ്ട് മനുഷ്യരെ അടക്കി ഭരിച്ച സാമ്രാജ്യങ്ങൾ ചരിത്രത്തിൽ അനേകമുണ്ടായിരുന്നു.

​ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാണ്; ഭൂമിയിലെ ഒരു വൻശക്തിയും സദാകാലവും നിലനിന്നിട്ടില്ല. ഒരു സാമ്രാജ്യത്തിന്റെ പതനം എപ്പോഴും മറ്റൊരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുകയാണ് പതിവ്.  മറ്റൊരു വൻശക്തി രൂപപ്പെട്ട് വരുന്ന ലോക സാഹചര്യങ്ങളുണ്ടാകുമ്പോൾ ഓരോ സാമ്രാജ്യങ്ങളും മെല്ലെ പടം മടക്കിത്തുടങ്ങും. ചരിത്രമങ്ങനെ ആവർത്തിച്ച് കൊണ്ടേയിരിക്കുകയാണ്. ചരിത്രത്തിൻ്റെ വലിയൊരു കാലത്തെ കൈപ്പിടിയിൽ ഒതുക്കിയ, വർത്തമാനകാലത്ത് ലോകത്തിന്റെ പോലീസ് എന്നറിയപ്പെടുന്ന അമേരിക്കൻ ഐക്യനാടുകളുടെ ശക്തിയും ആഗോള മേധാവിത്വവും  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ദശാബ്ദമാണിത്. നേരം ഇരുട്ടി വെളുക്കുന്നത് പോലെ വേഗത്തിൽ സംഭവിക്കുന്നതോ ഒന്നോ രണ്ടോ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിശകലനം ചെയ്യാൻ മാത്രം ലളിതമായതോ അല്ല ഈ പരിണാമങ്ങൾ. ഇത് മനസിലാക്കാൻ ഈ പ്രതിഭാസത്തെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പശ്ചാത്തലത്തിലൂടെ ശ്രദ്ധാപൂർവം  വിശകലനം ചെയ്യേണ്ടതുണ്ട്.

പൗരാണിക കാലം മുതൽ ഇന്ന് വരെയുള്ള ലോകം പല വൻശക്തികളുടെയും സാമ്രാജ്യത്വ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ​പൗരാണിക ചരിത്രത്തിലെ ഏറ്റവും വിസ്തൃതവും ശക്തവുമായ സാമ്രാജ്യങ്ങളിലൊന്നായിരുന്നു പേർഷ്യൻ സാമ്രാജ്യം. ഇന്നത്തെ ഇറാൻ കേന്ദ്രീകരിച്ച് രൂപം കൊണ്ട ഈ സാമ്രാജ്യം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വൻകരകളിലായി വ്യാപിച്ച് കിടന്നിരുന്നു. പുരാതന ലോകത്തിന്റെ രാഷ്ട്രീയ ഭൂമികയെ മാറ്റിമറിച്ച ഒരു സാമ്രാജ്യമായിരുന്നു പേർഷ്യൻ സാമ്രാജ്യം. ​ബി സി ആറാം നൂറ്റാണ്ടിൽ ഇന്നത്തെ ഇറാനിയൻ പീഠഭൂമിയിൽ ജീവിച്ചിരുന്ന നാടോടികളായ പേർഷ്യൻ ഗോത്രങ്ങളിൽ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ തുടക്കം. തുടക്കത്തിൽ മീഡിയൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന നാടോടികൾ സൈറസ് ചക്രവർത്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഒരു കാലത്ത് പേർഷ്യൻ സാമ്രാജ്യം അതിന്റെ സുവർണ്ണ കാലഘട്ടത്തിലെത്തിയിരുന്നു. 

യൂറോപ്പ് മുതൽ ഇന്ത്യയുടെ അതിർത്തി വരെ നീണ്ടുകിടക്കുന്ന ലോകത്തിലെ ആദ്യത്തെ ആഗോള സാമ്രാജ്യമായി ഇത് മാറി. പേർഷ്യൻ ചക്രവർത്തിമാരുടെ ഏറ്റവും പ്രധാന സവിശേഷതയായി ചരിത്രം കണക്കാക്കുന്നത് അവരുടെ സഹിഷ്ണുതാ ബോധമായിരുന്നു. കീഴടക്കിയ ജനങ്ങളുടെ സംസ്കാരത്തെയോ മതത്തെയോ പേർഷ്യൻ ഭരണാധികാരികൾ അടിച്ചമർത്തിയില്ല. ഉദാഹരണത്തിന്, ബാബിലോണിയൻ അടിമത്തത്തിൽ നിന്ന് യഹൂദരെ മോചിപ്പിക്കുകയും ജറുസലേമിലെ അവരുടെ ദേവാലയം പുനർനിർമ്മിക്കാൻ സൈറസ് ചക്രവർത്തി അനുവാദം നൽകുകയും ചെയ്തു. ​ലോകത്തെ വിറപ്പിച്ച പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് പല കാരണങ്ങളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് കഴിവ് കെട്ടവരും ഭാവിയെ സംബന്ധിച്ച് കാഴ്ചപ്പാടുകളില്ലാത്തവരുമായ ഭരണാധികാരികളായിരുന്നു. യുദ്ധക്കൊതിയന്മാരായ ഭരണകർത്താക്കൾ രാജ്യത്തിൻ്റെ നിലനിൽപിന് തന്നെ ഭീഷണിയായി മാറി. രാജ്യത്തിൻ്റെ അന്തസ്സ് നിലനിർത്താൻ സാധിക്കാത്ത ഭരണാധികളെ ജനം വെറുക്കാൻ തുടങ്ങി. സാമ്രാജ്യത്തിന്റെ ധൂർത്തിനും ഭരണാധിപന്മാരുടെ ജീവിതശൈലികൾക്കും സൈന്യത്തെ നിലനിർത്തുന്നതിനുമായി ജനങ്ങളുടെ മേൽ അമിത നികുതികൾ ചുമത്തി. ഇത് പ്രവിശ്യകളിൽ കടുത്ത അസംതൃപ്തിക്കും കലാപങ്ങൾക്കും കാരണമായി. 

ഒരുഭാഗത്ത് ഇതൊക്കെ നടക്കുമ്പോൾ മറ്റൊരു ഭാഗത്ത് ഗ്രീസ് ഒരു പ്രധാന ശക്തിയായി വളർന്ന് വരുന്നുണ്ടായിരുന്നു. ഗ്രീസിനെ അടിച്ചമർത്താനായി പേർഷ്യൻ ചക്രവർത്തിമാർ ഗ്രീസുമായും മറ്റ് രാജ്യങ്ങളുമായും യുദ്ധങ്ങൾ നടത്തി. ​ഗ്രീസുമായി നടത്തിയ ദീർഘകാല യുദ്ധങ്ങൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർത്തു. നിരന്തരമായ യുദ്ധങ്ങൾ സൈനികരെ ഭരണകൂടത്തോട് താത്പര്യമില്ലാത്തവരാക്കി മാറ്റി. ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പ് പേർഷ്യൻ സൈന്യത്തിന്റെ മിഥ്യാധാരണകളെ തകർത്ത് കളഞ്ഞു.​ പേർഷ്യൻ സാമ്രാജ്യത്തിന് അന്ത്യം കുറിച്ചത് ഗ്രീസിന് കീഴിലുള്ള മാസിഡോണിയയിൽ നിന്ന് ഉദയം ചെയ്ത അലക്സാണ്ടർ ചക്രവർത്തിയാണ് ബി.സി. 334ൽ അലക്സാണ്ടർ തന്റെ ശക്തമായ സൈന്യവുമായി പേർഷ്യൻ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് കടന്നുകയറി. ബി.സി. 330ഓടെ അവസാനത്തെ പേർഷ്യൻ ചക്രവർത്തിയും കൊല്ലപ്പെടുകയും പേർഷ്യൻ സാമ്രാജ്യം പൂർണ്ണമായും ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ​പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയോടെ ആ സ്ഥാനത്തേക്ക് അലക്സാണ്ടറുടെ സാമ്രാജ്യമാണ് കടന്ന് വന്നത്. 

ചരിത്രത്തിലെ ഏറ്റവും മികച്ച സൈന്യാധിപന്മാരിൽ ഒരാളായ അലക്സാണ്ടർ പേർഷ്യൻ സാമ്രാജ്യത്തെ പൂർണ്ണമായും കീഴടക്കി. ഗ്രീസിൽ തുടങ്ങി ഈജിപ്ത്, പേർഷ്യ വഴി ഇന്ത്യയുടെ അതിർത്തിയായ സിന്ധുനദീതടം വരെ നീണ്ടുകിടക്കുന്ന ഒരു വലിയ സാമ്രാജ്യത്തെയാണ് അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് കെട്ടിപ്പടുത്തത്. സാമ്രാജ്യങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഗാംഭീര്യമാർന്ന ഒരു ചിത്രമാണ് ഗ്രീസിൻ്റേത്. അക്കാലത്തെ ലോകത്തെ മുഴുവനും അത് സ്വാധീനിച്ചു. ബി.സി. 323ൽ മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാണ്ടർ മരണപ്പെട്ടതോടെയാണ് സാമ്രാജ്യത്തിൻ്റെ ശക്തി ക്ഷയിക്കാൻ തുടങ്ങിയത്. തുടർന്ന് സാമ്രാജ്യം പങ്കിട്ടെടുക്കാൻ സേനാ നായകർ പരസ്പരം യുദ്ധം ചെയ്തു. സാമ്രാജ്യം പ്രധാനമായും മൂന്നു വലിയ രാജ്യങ്ങളായി പിരിയുകയും ശിഥിലീകരണത്തിന് തുടക്കമിടുകയും ചെയ്തു.


Read More: മക്ക പ്രതിരോധ ഉടമ്പടി: ഇറാനെതിരായ പുതിയ കരുനീക്കങ്ങൾ

ഒരു കാലത്ത് ലോകത്തെ നിയന്ത്രിച്ചിരുന്നത് റോമാ സാമ്രാജ്യമായിരുന്നു. ആഭ്യന്തര ഭിന്നിപ്പും അനൈക്യവും മൂലം തകരാൻ തുടങ്ങിയ ഗ്രീക്ക് സാമ്രാജ്യങ്ങൾക്ക് പുതിയ ശക്തിയായി വളർന്നുവന്ന റോമാ സാമ്രാജ്യത്തിന്റെ ആക്രമണങ്ങളെ ചെറുക്കാൻ കഴിഞ്ഞില്ല. റോം ഒരു വൻ ശക്തിയായി വളർന്ന് വരുകയായിരുന്നു. ബി.സി 146ൽ റോമൻ സൈന്യം ഗ്രീസിനെ സമ്പൂർണമായും കീഴടക്കി തങ്ങളുടെ സാമ്രാജ്യത്തോടൊപ്പം ചേർത്തു. അങ്ങനെ സ്വതന്ത്ര ഗ്രീക്ക് സാമ്രാജ്യത്തിന്റെ അധ്യായം അവസാനിക്കുകയും അത് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തു.

പൗരാണിക ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായാണ് റോമ അറിയപ്പെടുന്നത്. ദീർഘമായ ഒരു കാലം ലോകത്തെ നിയന്ത്രിക്കാൻ റോമിന് സാധിച്ചു. അവർ ചിന്തിക്കുന്നത് പോലെ ലോകത്തെക്കൊണ്ട് അവർ ചിന്തിപ്പിച്ചു. അവർ ആവിഷ്കരിക്കുന്ന പദ്ധതികളിലൂടെ ലോകത്തെയവർ ചലിപ്പിച്ചു. റോമ സാമ്രാജ്യം ക്രൈസ്തവവൽക്കരിക്കപ്പെട്ടതാണ് ലോകത്തെല്ലായിടത്തും ക്രിസ്തുമതം പടരാൻ തന്നെ കാരണമായത്. അല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ലോകത്തിൻ്റെ പല ഭാഗങ്ങളിലായി ഉദയം ചെയ്യുകയും പ്രാദേശികമായി മാത്രം നിലനിന്ന് അസ്തമിച്ച് പോകുകയും ചെയ്ത പ്രാദേശിക മതങ്ങളുടെ ചരിത്രത്തിലേക്ക് ക്രിസ്തുമതവും അമർന്ന് പോയേനെ. സൈനിക ശക്തിയും ഭരണ സംവിധാനവുമായിരുന്നു റോമ സാമ്രാജ്യത്തിൻ്റെ അടിത്തറ. അഴിമതി, സാമ്പത്തിക തകർച്ച, അതിരുകളിലെ സുരക്ഷാ വീഴ്ചകൾ, ആഭ്യന്തര കലഹങ്ങൾ എന്നിവയാണ് റോമാ സാമ്രാജ്യത്തെ ക്ഷയിപ്പിച്ചതും ഒടുവിലതിൻ്റെ പതനത്തിലേക്ക് നയിച്ചതും.

മധ്യകാലഘട്ടത്തിൽ ലോകത്തിലെ വൻശക്തിയായി മാറിയത് ഇസ്‌ലാമിക സാമ്രാജ്യങ്ങളായിരുന്നു. അറേബ്യൻ നാടുകളിലും ആഫ്രിക്കൻ വൻകരകളിലുമായി പടർന്ന ഇസ്ലാമിക സാമ്രാജ്യം ഭൂഗോളത്തിൽ ഇസ്‌ലാം മതത്തിൻ്റെ വ്യാപനത്തിന് കാരണമായി. അറേബ്യയുടെ അതിരുകൾ കടന്ന് കിഴക്കൻ യൂറോപ്പിലേക്ക് പടർന്ന ഇസ്ലാമിക സാമ്രാജ്യം തുർക്കി കേന്ദ്രീകരിച്ച് ഒരു വൻ സാമ്രാജ്യമായി വളർന്നു. 55 ലക്ഷം ചതുരശ്ര കിലോമീറ്റർ ഭൂഭാഗത്തെ അവർ അധീനപ്പെടുത്തി. നൂറ്റാണ്ടുകളോളം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് വൻകരകളിൽ ആധിപത്യം പുലർത്തിയ ശക്തിയായിരുന്നു അവർ. ലോകം അവരുടെ കൈകളിലേക്ക് അമർന്ന് പോയതായി വിലയിരുത്തപ്പെട്ടു. എന്നാൽ ലോകത്തിൻ്റെ ഗതി അവരെയും തളർത്തി. സാങ്കേതികവിദ്യയിലും വ്യവസായവൽക്കരണത്തിലും പിന്നോട്ട് പോയത് ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ ശക്തി ക്ഷയിക്കാൻ കാരണമായി. കഴിവ്‌ കുറഞ്ഞതും വൈകാരികത മുന്നിൽ നിന്നതുമായ ഭരണാധികാരികൾ സാമ്രാജ്യത്തിൻ്റെ ശക്തി കുറച്ചു. ഒന്നാം ലോക യുദ്ധത്തിൽ അവർ കൈക്കൊണ്ട തെറ്റായ നിലപാടുകൾ അവരുടെ അന്ത്യത്തിനിന് കാരണമായി 

ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ സമ്പൂർണ്ണമായ തകർച്ചക്ക് മുമ്പ് തന്നെ ബ്രിട്ടീഷ് സാമ്രാജ്യം ശക്തിപ്പെട്ടിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ടിരുന്ന ബ്രിട്ടൻ, ലോകത്തിന്റെ കാൽഭാഗത്തോളം ഭരിച്ചു. ലോകത്ത് അനേകം കോളനികളെ അവർ നിലനിർത്തി. ബ്രിട്ടീഷുകാർ വിചാരിക്കുന്നേടത്ത് ലോകം ചലിക്കുകയും നിൽക്കുകയും ചെയ്തു. എന്നാൽ, രണ്ട് ലോകമഹായുദ്ധങ്ങൾ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകളും ലോകമെമ്പാടുമുള്ള കോളനികളുടെ സ്വാതന്ത്ര്യസമരങ്ങളും ബ്രിട്ടന്റെ ശക്തി ചോർത്തിക്കളഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട ആശയങ്ങൾ ഒരു സാമ്രാജ്യം എന്ന നിലയിൽ നിന്നും ഒരു രാഷ്ട്രം എന്ന നിലയിലേക്ക് ബ്രിട്ടനെ പരിവർത്തിപ്പിച്ചു. പുതിയ ലോക ക്രമങ്ങളിൽ ബ്രിട്ടൻ്റെ പ്രഭാവത്തിന് മങ്ങലേറ്റു. 

രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ബ്രിട്ടൻ്റെ തളർച്ച സൃഷ്ടിച്ച ശൂന്യതകളിലൂടെയാണ് അമേരിക്ക ഒരു വൻ ശക്തിയായി വളർന്ന് വരുന്നത്. ആഗോള പ്രശ്നങ്ങളിൽ സ്വയം ഇടപെട്ടും ബ്രിട്ടൻ്റെ കൂട്ടു കക്ഷിയായും യുദ്ധാനന്തരമുള്ള രാഷ്ട്രീയ സങ്കീർണതകളിൽ അമേരിക്ക ഒരു കക്ഷിയായി മാറി. 

വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഒരു മൂന്നാം കക്ഷിയായും മധ്യസ്ഥനായും അമേരിക്ക രംഗ പ്രവേശം ചെയ്തു. മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ചെറു രാജ്യങ്ങളെ സ്വാധീനിച്ചും വശപ്പെടുത്തിയും അമേരിക്ക തന്ത്രപ്രധാനവും ഭൂമിശാസ്ത്രപരവുമായ മേൽക്കൈ നേടാൻ തുടങ്ങി. ബ്രിട്ടൻ്റെ തുടർച്ച പോലെയാണ് സാമ്രാജ്യത്വ ധാരയെ അമേരിക്ക ഏറ്റെടുക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള രാഷ്ട്രീയ പ്രശ്നങ്ങളിൽ അമേരിക്ക ഇടപെട്ട് തുടങ്ങിയതോടെ അമേരിക്കയുടെ സൗഹൃദം ലോകരാജ്യങ്ങൾ ആഗ്രഹിച്ച് തുടങ്ങി. പെട്രോ ഡോളറിൻ്റെ കരുത്തിൽ അമേരിക്ക സാമ്പത്തികമായി കുതിച്ച് കൊണ്ടിരുന്നു. ലോകത്തെ നിയന്ത്രിക്കാൻ സാധിക്കുന്ന വൻശക്തിയായി അമേരിക്ക മാറി. ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയോടെ ആരംഭിച്ച ഈ ജൈത്രയാത്ര ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ പാദങ്ങളിൽ തന്നെ അവസാനിക്കുകയാണോ എന്നാണ് ലോകം ഇന്ന് ഉറ്റ് നോക്കുന്നത്. അത്ര മേൽ പ്രതിസന്ധികളിലാണ് ഇന്ന് അമേരിക്ക എന്ന രാജ്യം എത്തി നിൽക്കുന്നത്. ആഭ്യന്തരമായും ബാഹ്യമായും അമേരിക്ക നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് അമേരിക്കയെ സംബന്ധിച്ച് ഇങ്ങനെയൊരു നിരീക്ഷണത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ പ്രസിഡൻ്റായി രണ്ടാമതും ഡൊണാൾഡ് ട്രമ്പ് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ആ രാജ്യം കൈക്കൊള്ളുന്ന നിലപാടുകൾ അതിനെ സ്വയം ദുർബലപ്പെടുത്തുന്നുവെന്നാണ് ലോകത്തെല്ലായിടത്തും അഭിപ്രായമുയരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണെങ്കിലും അമേരിക്കൻ ദേശീയ കടം കുത്തനെ ഉയരുകയാണ്. ഡോളറിന്റെ ആഗോള കുത്തകയ്ക്ക് മേൽ പല രാജ്യങ്ങളും ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങിയിരിക്കുന്നു. ഒരു മുതലാളിത്ത രാജ്യമെന്ന നിലയിലാണ് അമേരിക്കയുടെ നിലനിൽപ്. അതിനെ ദുർബലപ്പെടുത്തുന്ന ഏത് നീക്കവും ആ രാജ്യത്തെത്തന്നെ ഇല്ലാതാക്കും. രണ്ടാമതായി, അമേരിക്കൻ സമൂഹം വർദ്ധിത തോതിൽ രാഷ്ട്രീയമായും സാമൂഹികമായും മുമ്പെങ്ങുമില്ലാത്ത വിധം ഭിന്നിക്കപ്പെട്ടിരിക്കുകയാണ്. ഭരണകൂടത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത ഒരു സാമൂഹികാവസ്ഥ അമേരിക്കയിൽ ശക്തിപ്പെടുന്നുവെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പോലും അഭിപ്രായപ്പെടുന്നത്. ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകരുന്നത് രാജ്യത്തിന്റെ ആന്തരിക ശക്തിയെ ബാധിക്കുന്നതാണ്.

​കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യം സ്വീകരിക്കുന്ന സൈനിക നടപടികളോട് അമേരിക്കൻ ജനത ശക്തമായി വിയോജിക്കുകയാണ്. വിയറ്റ്നാം, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ യുദ്ധങ്ങളിലെ തിരിച്ചടികൾ അമേരിക്കൻ സൈന്യത്തിന്റെ അജയ്യതയെന്ന മിഥ്യാധാരണയെ ഏതാണ്ടൊക്കെ തകർത്ത് കളഞ്ഞിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും കാവൽക്കാരായി സ്വയം പ്രഖ്യാപിച്ച അമേരിക്കയുടെ ഉള്ളിൽ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന വർണ്ണവിവേചനവും സാമൂഹിക അസമത്വങ്ങളും അവരുടെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ നിലയിൽ മങ്ങലേൽപ്പിച്ച് കഴിഞ്ഞു 

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും ആഗോളതലത്തിൽ അമേരിക്കയുടെ മേധാവിത്വത്തെയും ലോക പോലീസ് എന്ന പദവിയെയും ശക്തമായി ചോദ്യം ചെയ്യുകയും ദുർബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ പ്രതിസന്ധി അമേരിക്കൻ മേധാവിത്വത്തെ ഏതൊക്കെ വിധത്തിലാണ് ബാധിക്കുന്നതെന്നും ഇതിൽ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങൾ ഏതൊക്കെയാണെന്നും കൂടി നമുക്ക് പരിശോധിക്കേണ്ടതുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ നേരിട്ട് ഇടപെടേണ്ടി വരുന്നത് അമേരിക്കൻ ഖജനാവിന് വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. ആഭ്യന്തരമായി വിലക്കയറ്റം രൂക്ഷമാകുന്നതും ഉയർന്ന ദേശീയ കടവും അമേരിക്കൻ ജനതക്കിടയിൽ ഭരണകൂടത്തിനെതിരെ വലിയ അസംതൃപ്തി ഉണ്ടാക്കുന്നുണ്ട്.  

​യാതൊരാവശ്യവുമില്ലാതെ വിളിച്ച് വാങ്ങിയ ഒരു പ്രതിസന്ധിയെയാണ് അമേരിക്കക്കും ലോകത്തിനും ട്രമ്പ് സമ്മാനിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ പാതകളിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമാകുകയാണ്. ഇത് അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെയാകെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുകയും ആഗോള സാമ്പത്തിക രംഗത്ത് അമേരിക്കയ്ക്കുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. എത്ര വലിയ ആധുനിക ആയുധങ്ങളുണ്ടെങ്കിലും ഒരു രാജ്യത്തെ പൂർണ്ണമായി കീഴ്‌പെടുത്താനോ തങ്ങളുടെ താല്പര്യത്തിനനുസരിച്ച് അവിടത്തെ രാഷ്ട്രീയ പുനഃസംഘടന നടത്താനോ അമേരിക്കയ്ക്ക് സാധിക്കുന്നില്ല എന്നത് ഇന്നത്തെ അവരുടെ സൈനിക പരിമിതികളെ തുറന്നുകാട്ടുന്നു. 

അമേരിക്കയുടെ ഇത് വരെയുള്ള ചരിത്രത്തിൽ അവർക്ക് ഏൽക്കേണ്ടി വന്നിട്ടില്ലാത്ത ഒരു ദൈന്യത ഇറാൻ യുദ്ധത്തിൽ ഉണ്ടായിരിക്കുകയാണ്. ആയുധങ്ങളോ നയതന്ത്രങ്ങളോ ഒരു രാജ്യത്തിന് ഉപകാരപ്പെടാതെ വരുന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ അവരുണ്ടാക്കി വെച്ചിരിക്കുന്ന വിശ്വാസ്യതകളെ തകർത്ത് കളയുന്നതാണ്. ഈ തകർച്ച അമേരിക്ക നേരിടുകയാണ്. ഒപ്പം, അന്താരാഷ്ട്ര നിയമങ്ങളെയും പരമാധികാരത്തെയും കാറ്റിൽപ്പറത്തി നടത്തുന്ന സൈനിക ഇടപെടലുകൾ മനുഷ്യാവകാശങ്ങളുടെയും സമാധാനത്തിന്റെയും കാവൽക്കാരാണ് അമേരിക്ക എന്ന അവരുടെ അവകാശവാദത്തിന്റെ പൊള്ളത്തരം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. അമേരിക്കയ്ക്കും പടിഞ്ഞാറൻ രാജ്യങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തിൽ ഇറാൻ ഒറ്റയ്ക്കല്ല എന്നതാണ് ഈ വിശകലനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി. വൻ ശക്തികളായ ചില രാജ്യങ്ങളും പ്രാദേശിക കൂട്ടായ്മകളും ഇറാന് പിന്നിലായി പ്രവർത്തിക്കുന്നുണ്ട്. അതിലേറ്റവും മുഖ്യമായ കക്ഷി ചൈനയാണ്. 

അമേരിക്കൻ മേധാവിത്വത്തെ ചോദ്യം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് ചൈന. നയപരമായും സാമ്പത്തികമായും ഇറാന് പിന്തുണ നൽകുന്ന ചൈന, അമേരിക്കയുടെ ഏകധ്രുവ ലോകക്രമത്തെ തകർത്ത് ബഹുധ്രുവ ലോകം സൃഷ്ടിക്കാൻ ഇറാനെ ഒരു കരുവായി കാണുന്നുവെന്നാണ് നമുക്ക് മനസിലാക്കാൻ കഴിയുന്നത്. മിഡിൽ ഈസ്റ്റിലെ സ്വാധീനം ഉറപ്പിക്കാനും കൂടി ചൈന ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തുകയാണ്. ​

ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ ഉപരോധങ്ങളെ നേരിടുന്ന റഷ്യയും ഇറാനും തമ്മിലുള്ള സൈനിക, സാമ്പത്തിക സഹകരണം വളരെ ശക്തമാണ്. ഡ്രോൺ നിർമ്മാണത്തിലും പ്രതിരോധ രംഗത്തും പരസ്പരം സഹായിക്കുന്ന ഈ രാജ്യങ്ങൾ അമേരിക്കയ്ക്കെതിരെയുള്ള 'ആന്റി-വെസ്റ്റേൺ' കൂട്ടായ്മയിലെ പ്രധാനികളാണ്. ഈ വൻശക്തികളെ കൂടാതെ ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതികൾ, ഇറാഖിലെയും സിറിയയിലെയും വിവിധ സായുധ സംഘടനകൾ എന്നിവരും ഇറാനെ നേരിട്ട് പിന്തുണക്കുന്നു. തിരിച്ച് ഇറാൻ്റെ പിന്തുണയോടെ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും താല്പര്യങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ ശക്തമായ തിരിച്ചടികളും ഇവർ നൽകുന്നുണ്ട്. ഇത് അമേരിക്കയെയും സഖ്യകക്ഷികളെയും നിരന്തരമായ സുരക്ഷാ പ്രതിസന്ധിയിലാക്കുന്നു. അമേരിക്ക നേതൃത്വം നൽകുന്ന ഏക ധ്രുവ ലോകം എന്ന ആശയത്തെ തകർക്കുകയും ഒറ്റ രാജ്യത്തിന് പകരം ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ, ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളും ചേർന്നുള്ള ഒരു ബഹുധ്രുവ ലോകക്രമത്തെ സൃഷ്ടിക്കുകയും ചെയ്യാനാണ് ഇവരൊക്കെ അന്തിമമായി ലക്ഷ്യമിടുന്നത്. ഏതാണ്ട് ആ ദിശയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതും. 

ചരിത്രത്തിലെ മാറ്റങ്ങൾ അനിവാര്യമായതാണ്. അമേരിക്കയുടെ സ്വാധീനം മങ്ങുമ്പോൾ സമകാലിക ലോകം ഒരു പുതിയ രാഷ്ട്രീയ സമവായത്തിലേക്ക് പ്രവേശിക്കും. സാമ്രാജ്യങ്ങളുടെ ഉദയാസ്തമയങ്ങൾ കാണിക്കുന്നത് ലോകം ഒരിടത്തും നിശ്ചലമല്ലെന്നും, മാറ്റം മാത്രമാണ് ഇവിടെ സ്ഥിരമായിട്ടുള്ളതെന്നുമാണ്. പുതിയ ലോക ക്രമത്തിൽ അമേരിക്കയുടെ പരമ്പരാഗത ശൈലികളൊന്നും വിലപ്പോകുന്നില്ല. വലിയ ആയുധങ്ങളെ വളരെ ചെറിയ പ്രതിരോധ സംവിധാനങ്ങൾ കൊണ്ട് നിഷ്പ്രഭമാക്കാൻ കഴിയുന്ന ഈ കാലത്ത് ആയുധങ്ങളുടെ വലിപ്പം കാട്ടി രാജ്യങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ല. ഇറാൻ യുദ്ധത്തിൽ, ഇസ്രായേൽ കൊട്ടി ഘോഷിച്ചിരുന്ന അവരുടെ പ്രതിരോധ മേഖലയും അമേരിക്കയുടെ ആക്രമണ ശക്തിയും നിസ്സഹായമായിപ്പോയ നിമിഷങ്ങൾക്ക് ലോകം സാക്ഷിയായി. സ്വന്തം സഖ്യ രാഷ്ട്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും സംരക്ഷിക്കാൻ കഴിയാതെ അമേരിക്ക പ്രയാസപ്പെട്ടതും ഈ യുദ്ധത്തിൻ്റെ ഒരു സവിശേഷതയായിരുന്നു. 

ലോകത്ത് അമേരിക്കക്ക് പകരമായി പുതിയ വൻ ശക്തികളായി കടന്ന് വരാൻ സാധ്യതയുള്ള രാജ്യങ്ങൾ ഇറാനനുകൂലമാണ് എന്നൊരു വലിയ പ്രതിസന്ധി കൂടി അമേരിക്കക്ക് മുന്നിലുണ്ട്. അവരുടെ സാങ്കേതികമായ വളർച്ചയും കരുത്തും അമേരിക്കയെ ഭയപ്പെടുത്താൻ പോന്നതാണ്. ​ചുരുക്കത്തിൽ, ഇറാനുമായുള്ള സംഘർഷങ്ങളും യുദ്ധങ്ങളും അമേരിക്കയെ സംബന്ധിച്ച് വലിയൊരു കുരുക്കായി മാറിക്കഴിഞ്ഞു. ഇത് അമേരിക്കയുടെ ആഗോള മേധാവിത്വത്തിന് വലിയ തിരിച്ചടിയാണ് നൽകിയിയിരിക്കുന്നത്. ആഭ്യന്തരമായി വലിയ പ്രതിസന്ധികൾ നേരിടുകയും വളർച്ചാ നിരക്കിൽ കൂപ്പ് കുത്തുകയും കടം പെരുകുകയും ചെയ്യുന്ന ഒരു രാജ്യം ഭൂത കാലത്ത്  ലോക രാജ്യങ്ങൾക്ക് മേൽ അവർ രൂപപ്പെടുത്തിയ സ്വാധീനം നഷ്ടപ്പെടുത്തി അപക്വവും തെറ്റായതുമായ തീരുമാനങ്ങളുടെ അടിമയായി സ്വയം ദുർബലപ്പെടുന്ന ഒരു കാഴ്ചക്കാണ് ഈ ദശാബ്ദം സാക്ഷിയാകുന്നത്. ഇതെല്ലാം കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ അമേരിക്ക എന്ന വൻ ശക്തി സാവധാനം വീണ് കൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം നമുക്ക് ബോധ്യപ്പെടും.

Follow us on WhatsApp

എം എസ് ഷൈജു
എം എസ് ഷൈജു
എഴുത്തുകാരൻ, കോളമിസ്റ്റ്. ശരീഅത്ത്, സാമൂഹ്യപാഠങ്ങൾ, കനലടയാളങ്ങൾ, പലസ്തീൻ; തെരുവിൽ നിർത്തപ്പെട്ട ജനത, പഞ്ചാബിലെ പറുദീസകൾ, വിമൽ (ബാലസാഹിത്യം) എന്നിവ പുസ്തകങ്ങൾ.
bahuswara

Previous Post Next Post