2000-ന് ശേഷം ജീവിച്ചിരുന്ന എന്റെ പിതാവിന്റെ പേര് പട്ടികയിൽ കണ്ടെത്താത്തതിനാലാണ് എന്റെ പേര് നീക്കം ചെയ്തത്. തുടർന്ന് ഞാൻ ഹാജരാക്കിയത് കേരള സർക്കാർ നൽകിയ എന്റെ പത്താം ക്ലാസ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച സാധുവായ 11 രേഖകളിൽ ഒന്നാണിത്. എന്നിട്ടും സ്പെല്ലിംഗിലെ നേരിയ വ്യത്യാസങ്ങൾ പോലെയുള്ള യുക്തിരഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എന്റെ പേര് ഒഴിവാക്കപ്പെട്ടു.
അനുഭവം | ആർ രാജഗോപാൽ (മുൻ എഡിറ്റർ ,ടെലഗ്രാഫ് )
പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കലുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് ഏകദേശം 92 ലക്ഷത്തോളം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. അങ്ങനെ പേര് നഷ്ടപ്പെട്ടവരിൽ ഒരാളാണ് ഞാൻ. നീക്കം ചെയ്യപ്പെട്ട 92 ലക്ഷം പേരിലും തെറ്റായ രീതിയിലാണ് നടപടി ഉണ്ടായതെന്ന് പറയാൻ കഴിയില്ല. അതിൽ മരണപ്പെട്ടവരും സ്ഥലത്തില്ലാത്തവരും ഇരട്ട വോട്ടുള്ളവരുമെല്ലാം ഉൾപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ഇതിൽ 27 ലക്ഷത്തോളം പേർ തങ്ങളുടെ പൗരത്വം ഉറപ്പിക്കാൻ അപ്പീൽ നൽകിയിട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട വസ്തുത.
ഒരു നുഴഞ്ഞുകയറ്റക്കാരനും ഔദ്യോഗികമായി അപ്പീൽ നൽകി സ്വന്തം അസ്തിത്വം തെളിയിക്കാൻ മുന്നോട്ടുവരില്ല; അവർ പരമാവധി കണ്ടെത്തപ്പെടാതെ രക്ഷപ്പെടാനേ നോക്കൂ. നീതിക്കായുള്ള നിയമപരമായ അവസരം ലഭിച്ചാൽ തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ സാധിക്കുമെന്ന ബോധ്യമുള്ളതുകൊണ്ടാണ് ഈ 27 ലക്ഷം സാധാരണക്കാർ അപ്പീൽ നൽകിയത്.
എന്റെ പേര് ഒഴിവാക്കപ്പെടാൻ കാരണം 2002-ലെ വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നില്ല എന്നതാണ്. 1990-ൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഞാൻ ബോംബെ, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിലെ സേവനത്തിന് ശേഷമാണ് കൊൽക്കത്തയിലെത്തുന്നത്. അക്കാലത്ത് ഉപജീവനത്തിനായുള്ള നെട്ടോട്ടത്തിലായിരുന്നു. 2004-ലാണ് ഞങ്ങൾ കുടുംബമായി കൊൽക്കത്തയിൽ സ്ഥിരതാമസമാക്കുന്നതും തുടർന്ന് വോട്ടർപട്ടികയിൽ പേര് ചേർത്ത് സ്ഥിരമായി വോട്ട് ചെയ്യുന്നതും. അതിനാൽ 2002-ൽ എന്റെ പേര് പട്ടികയിൽ ഇല്ലാതിരുന്നതിൽ അത്ഭുതമില്ല. എന്നാൽ തിരുവനന്തപുരത്ത് ഇക്കണോമിക്സ് പ്രൊഫസറും ഗാന്ധിസ്മാരക നിധിയുടെ സെക്രട്ടറിയുമായിരുന്ന എന്റെ പിതാവിന്റെ പേര് പോലും (2016-ൽ അദ്ദേഹം അന്തരിച്ചു) 2002-ലെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്നത് എന്നെ അമ്പരപ്പിച്ചു.
Read More: ഇന്ത്യൻ ദേശീയ സങ്കൽപ്പത്തിലെ വൈരുദ്ധ്യങ്ങൾ
എസ്.ഐ.ആർ പ്രകാരം ഒരാൾക്ക് വോട്ടർപട്ടികയിൽ പേരുറപ്പിക്കാൻ ഏഴ് തലമുറ ബന്ധങ്ങളിൽ (സ്വന്തം പേര്, മാതാപിതാക്കൾ, മുത്തശ്ശി-മുത്തശ്ശന്മാർ) ഒരാളുടെയെങ്കിലും രേഖകൾ മതിയാകും. 2000-ന് ശേഷം ജീവിച്ചിരുന്ന എന്റെ പിതാവിന്റെ പേര് പട്ടികയിൽ കണ്ടെത്താത്തതിനാലാണ് എന്റെ പേര് നീക്കം ചെയ്തത്. തുടർന്ന് ഞാൻ ഹാജരാക്കിയത് കേരള സർക്കാർ നൽകിയ എന്റെ പത്താം ക്ലാസ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച സാധുവായ 11 രേഖകളിൽ ഒന്നാണിത്. എന്നിട്ടും സ്പെല്ലിംഗിലെ നേരിയ വ്യത്യാസങ്ങൾ പോലെയുള്ള യുക്തിരഹിതമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എന്റെ പേര് ഒഴിവാക്കപ്പെട്ടു.
പേരുകളിലെ അക്ഷരവ്യത്യാസം കാരണം ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ പുറന്തള്ളപ്പെടുന്നത്. ഉദാഹരണത്തിന്, 'ഷെയ്ഖ് മുഹമ്മദ്' എന്ന പേര് Sheikh, Sk, Md, Sk. Md എന്നിങ്ങനെ പല രീതിയിലാണ് എഴുതപ്പെടുന്നത്. ഇത് ചൂണ്ടിക്കാട്ടി നിഷ്കരുണമാണ് പാവപ്പെട്ട മനുഷ്യരെ പുറന്തള്ളുന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കുടുംബപ്പേര് സ്വീകരിച്ച സ്ത്രീകളും ഇത്തരത്തിൽ രേഖാപരമായ നൂലാമാലകളിൽ കുടുങ്ങിയിട്ടുണ്ട്.
കൂടാതെ പ്രകൃതിദുരന്തങ്ങളും വെള്ളപ്പൊക്കവും പതിവായ ബംഗാൾ പോലൊരു നാട്ടിൽ സാധാരണക്കാർക്ക് ഇത്തരം പഴയ രേഖകൾ കാത്തുസൂക്ഷിക്കുക അസാധ്യമാണ്. ഒരു പ്രളയം വരുമ്പോൾ ജീവനും പിടിച്ച് ഓടുന്ന മനുഷ്യർക്ക് റേഷൻ കാർഡ് പോലെയുള്ള ഒന്നോ രണ്ടോ രേഖകൾ മാത്രമേ കൈയിലെടുക്കാനാവൂ; സ്കൂൾ സർട്ടിഫിക്കറ്റുകളും പഴയ ആധാരങ്ങളും ഒലിച്ചുപോയിട്ടുണ്ടാകാം.
നിലവിൽ പേര് പുനഃസ്ഥാപിക്കാൻ പശ്ചിമ ബംഗാളിൽ ആകെയുള്ളത് 17 ട്രൈബ്യൂണലുകൾ മാത്രമാണ്. നിലവിലെ വേഗതയിലാണ് ഇവ പ്രവർത്തിക്കുന്നതെങ്കിൽ, ഈ 27 ലക്ഷം അപ്പീലുകൾ തീർപ്പാക്കാൻ ചുരുങ്ങിയത് 21 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കൊൽക്കത്ത ഹൈക്കോടതി തന്നെ നിരീക്ഷിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്ത എനിക്ക് ഇനിയൊരു നാല് തിരഞ്ഞെടുപ്പുകളിൽ കൂടി വോട്ടവകാശം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളോ മാധ്യമങ്ങളോ ഇത്രയും വലിയൊരു ജനാധിപത്യ-മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ബോധവാന്മാരാണോ എന്ന് പോലും സംശയമാണ്. പൗരന്റെ പ്രാഥമിക അവകാശങ്ങൾ ഇല്ലാതാക്കുന്ന ഈ അനീതിക്കെതിരെ വലിയ തോതിലുള്ള പ്രതിരോധവും ബോധവൽക്കരണവും അനിവാര്യമാണ്.
ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലാകെ ആറ് കോടിയോളം മനുഷ്യരെ ബാധിച്ച അതിഭീകരമായ ഒരു പ്രതിസന്ധിയാണിത്. നോട്ട് നിരോധനത്തിന് ശേഷം സാധാരണക്കാരെ ഇത്രയേറെ ദ്രോഹിച്ച മറ്റൊരു നടപടിയുമില്ല. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളും സ്ത്രീകളും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമാണ്. എന്നിട്ടും ഈ വിഷയം പൊതുസമൂഹത്തിലോ മാധ്യമങ്ങളിലോ വേണ്ടത്ര ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്നില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളോ മാധ്യമങ്ങളോ ഇത്രയും വലിയൊരു ജനാധിപത്യ-മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ബോധവാന്മാരാണോ എന്ന് പോലും സംശയമാണ്. പൗരന്റെ പ്രാഥമിക അവകാശങ്ങൾ ഇല്ലാതാക്കുന്ന ഈ അനീതിക്കെതിരെ വലിയ തോതിലുള്ള പ്രതിരോധവും ബോധവൽക്കരണവും അനിവാര്യമാണ്
(ദേശീയ മാനവിക വേദിയും Wakeup Kerala യും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)
