സാമൂതിരി കുഞ്ഞാലിക്ക് നൽകിയ ഉയർന്ന പദവികളും പരിഗണനകളും നായർ മാടമ്പിമാരെ അസൂയാലുക്കളാക്കി മാറ്റിയിരുന്നു. സാമൂതിരിയുടെ ഈ കുഞ്ഞാലിപ്രിയം എങ്ങനെ അവസാനിപ്പിക്കാൻ കഴിയും എന്ന് അവർ ഗാഢമായി ആലോചിച്ചു. ഇതു മനസ്സിലാക്കിയ പോർച്ചുഗീസുകാർ സാമൂതിരിയെയും കുഞ്ഞാലിമരയ്ക്കാരെയും തെറ്റിക്കാൻ പറ്റിയ സന്ദർഭം ഇതുതന്നെയാണെന്ന് ഊഹിച്ചു. അതിനുള്ള പദ്ധതികൾ അവർ തയ്യാറാക്കി
പരമ്പര-08 നാസിർ കെ സി മണ്ണുമൂടിയ ചരിത്രത്താളുകൾ
പോർച്ചുഗീസുകാരുടെ ചാലിയം കോട്ട അക്ഷരാർത്ഥത്തിൽ തകർത്തു തരിപ്പണമാക്കിയാണ് സാമൂതിരിയും കൂട്ടരും മടങ്ങിയത് എന്നു നാം കണ്ടു. കുഞ്ഞാലി മൂന്നാമൻ്റെ അശ്രാന്തവും അവിരാമവുമായ പരിശ്രമങ്ങൾക്കൊടുവിലാണ് അതു സംഭവിച്ചത്. സാമൂതിരിയുടെ തൊണ്ടയിൽ കുരുങ്ങിയ ആ മുള്ള് കുഞ്ഞാലിയും അദ്ദേഹത്തിൻ്റെ മരയ്ക്കാർ പടയും ചേർന്നു നീക്കം ചെയ്തു. കുഞ്ഞാലി രണ്ടാമൻ പോർച്ചുഗീസുകാരോട് ഏറ്റുമുട്ടി കടലിൽ വച്ച് രക്തസാക്ഷിയായി. കുഞ്ഞാലി മൂന്നാമനു മാത്രമാണ് സ്വാഭാവിക മരണത്തിന് വിധിയുണ്ടായത്. കോട്ടയുടെ തകർച്ചയ്ക്കുശേഷം ഒരപകടത്തേ തുടർന്ന് അദ്ദേഹം കിടപ്പിലായി എന്നു പറയപ്പെടുന്നു. ശയ്യാവലംബിയായ അദ്ദേഹം ഒടുവിൽ ഈ ലോകം വിട്ടുപോയി. ധീരൻമാരുടെ മരണമാണ് ചരിത്രം ബാക്കി വെക്കുന്ന അനേകം ഓർമകളിൽ ഒന്ന്. സാമൂതിരിയുടെ കരസൈന്യത്തേക്കാൾ കുഞ്ഞാലിമാരുടെ നാവിക സൈന്യമായിരുന്നു പോർച്ചുഗീസ് കോട്ട പൊളിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. കുഞ്ഞാലി മൂന്നാമനു ശേഷം കുഞ്ഞാലി നാലാമൻ എന്ന മുഹമ്മദ് അലി മരയ്ക്കാർ നാവിക സൈന്യത്തിൻ്റെ നായകസ്ഥാനത്ത് വന്നു. പട്ടു മരയ്ക്കാർ എന്ന കുഞ്ഞാലി മൂന്നാമൻ തൻ്റെ ഉടവാൾ അനന്തരവനായ മുഹമ്മദ് അലി മരയ്ക്കാറെ ഏൽപ്പിച്ച് തൻ്റെ പിൻഗാമിയായി അവരോധിച്ചാണ് ഈ ലോകം വിട്ടു പോയത്.
പോർച്ചുഗീസുകാർക്ക് കോഴിക്കോട്ട് കാലുറപ്പിക്കാൻ കഴിയാതിരുന്നത് കുഞ്ഞാലിമാർ കാരണമാണ്. കടലിലെ ആധിപത്യത്തിന് തടസ്സമായി, ചലിക്കുന്ന കോട്ട പോലെ അവർ ജലോപരിതലത്തിൽ നിലയുറപ്പിച്ചു. ദേശാഭിമാനികളായ ഈ നാവികരാണ് സാമൂതിരിയുടെ ഏറ്റവും വലിയ ശക്തി. ഈ നാവികപ്പടയെ ഒതുക്കിയല്ലാതെ സ്വസ്ഥമായി ഉറങ്ങാൻ പോർച്ചുഗീസുകാർക്ക് കഴിയുമായിരുന്നില്ല. നേരിട്ട് ആക്രമിക്കുന്നതിനു പകരം ഓർക്കാപ്പുറത്ത് അതീവവേഗതയുള്ള ഓടിവള്ളങ്ങളിൽ വന്ന് ആക്രമിച്ച് തിരിച്ചു പോവുകയായിരുന്നു അവരുടെ രീതി. പോർച്ചുഗീസുകാർ എതിർക്കാൻ തയ്യാറെടുക്കുമ്പോഴേക്കും കുഞ്ഞാലിയുടെ സൈന്യം പറങ്കികളുടെ കപ്പലുകൾ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിരിക്കും. കന്യാകുമാരി മുതൽ ഗുജറാത്തിലെ കച്ച് തീരം വരെ കുഞ്ഞാലിയുടെ അനുയായികൾ പോർച്ചുഗീസുകാർക്കായി തക്കം പാർത്തിരുന്നു. ഓരോ വർഷവും വളരെയേറെ പടക്കപ്പലുകളും ചരക്കുകപ്പലുകളും പറങ്കികൾക്ക് നഷ്ടപ്പെടാറുണ്ട്. പലവട്ടം ശ്രമിച്ചിട്ടും കടലിലെ ഈ ഒളിപ്പോരാളികളെ ഉന്മൂലനം ചെയ്യാൻ പോർച്ചുഗീസുകാർക്കു കഴിഞ്ഞില്ല. ഒട്ടേറെത്തവണ പറങ്കികൾ മരയ്ക്കാർപ്പടയ്ക്ക് വമ്പിച്ച നാശം വരുത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ നാവികരും കപ്പലുകളുമായി അധികരിച്ച വീറോടെ അവർ രംഗത്ത് വരും. ചാലിയം കോട്ട വീണതോടെ പറങ്കികളുടെ നില കൂടുതൽ ദയനീയമായിരുന്നു.
അതേ അവസരത്തിൽ തന്റെ വിശ്വസ്ത സേവകനായ കുഞ്ഞാലിമരയ്ക്കാർ നാലാമന് പുതുപ്പട്ടണത്ത് കോട്ട പണിയുന്നതിനും കപ്പൽ നിർമ്മാണകേന്ദ്രം തുടങ്ങുന്നതിനും സാമൂതിരി അനുവാദം കൊടുത്തു. ഇതിനും പുറമെ അദ്ദേഹത്തെ ഒരു സാമന്തന്റെ പദവിയിലേക്ക് അദ്ദേഹം ഉയർത്തുകയും ചെയ്തു. നായർ മാടമ്പിമാർക്കുണ്ടായിരുന്ന എല്ലാ അധികാരവും അവകാശങ്ങളും ഈ നാവികസേന്യാധിപന് സാമൂതിരി നൽകി. സാമൂതിരിയുടെ എല്ലാവിധ സഹായസഹകരണങ്ങളും ലഭിച്ചതിനാൽ കോട്ടയുടെ നിർമ്മാണം അതിവേഗം പൂർത്തിയായി. കപ്പൽ നിർമ്മാണത്തിന് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു. നവീനമായ ആയുധങ്ങൾ അവയിൽ സജീകരിക്കുകയും ചെയ്തു. നല്ല പരിശീലനവും പരിചയവും സിദ്ധിച്ച നാവികരാണ് അത് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ
സാമൂതിരി കുഞ്ഞാലിക്ക് നൽകിയ ഉയർന്ന പദവികളും പരിഗണനകളും നായർ മാടമ്പിമാരെ അസൂയാലുക്കളാക്കി മാറ്റിയിരുന്നു. സാമൂതിരിയുടെ ഈ കുഞ്ഞാലിപ്രിയം എങ്ങനെ അവസാനിപ്പിക്കാൻ കഴിയും എന്ന് അവർ ഗാഢമായി ആലോചിച്ചു. ഇതു മനസ്സിലാക്കിയ പോർച്ചുഗീസുകാർ സാമൂതിരിയെയും കുഞ്ഞാലിമരയ്ക്കാരെയും തെറ്റിക്കാൻ പറ്റിയ സന്ദർഭം ഇതുതന്നെയാണെന്ന് ഊഹിച്ചു. അതിനുള്ള പദ്ധതികൾ അവർ തയ്യാറാക്കി. പണം കൊടുത്ത് സാമൂതിരി പക്ഷത്തെ പ്രധാനികളിൽ ചിലരെ അദ്ദേഹം പാട്ടിലാക്കി. സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മിൽ തെറ്റിച്ചത് ഇവരായിരുന്നു. നിരന്തരമായ അവരുടെ ശ്രമങ്ങൾക്ക് ഫലമുണ്ടായി. ചാരൻമാരേയും നായർ മാടമ്പിമാരേയും മാത്രമല്ല, കുഞ്ഞാലിയുടെ നാവികസേനയിലെ ചില പ്രമുഖരെയും പറങ്കികൾ ഇപ്രകാരം പണം കൊടുത്ത് സ്വാധീനിച്ചിരുന്നു. സാമൂതിരിക്കെതിരെ ഇവർ നടത്തിയ ദുഷ്ചെയ്തികളിൽ പലതും കുഞ്ഞാലി ചെയ്തതാണ് എന്നു വരുത്തിത്തീർക്കാൻ അവർക്കു കഴിഞ്ഞു. സാമൂതിരിയുടെ ആനകളിൽ ഒന്നിൻ്റെ വാല് മുറിച്ചതും ഒരു നായരെ അപമാനിച്ചതും ഒക്കെ ഈ കണക്കിൻ ഉള്ളതാണെന്ന് കരുതപ്പെടുന്നു.
സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മിൽ തെറ്റിക്കാൻ കച്ചകെട്ടിയവർ ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തി. കുഞ്ഞാലിമരയ്ക്കാർ ദുരാഗ്രഹിയും അഹങ്കാരിയുമായി മാറിയിരിക്കുകയാണെന്നും ഈ നില തുടരാൻ അനുവദിച്ചാൽ സാമൂതിരിയുടെ അധികാരം തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അവർ ഉപദേശിച്ചു. അപ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്. പരസ്പരം അതൃപ്തിയിൽ നിൽക്കുന്ന സാമൂതിരിയേയും കുഞ്ഞാലിയേയും കൂടുതൽ അകറ്റാൻ ഈ സംഭവം ഇടയാക്കി. ചാലിയം കോട്ട ഉണ്ടാക്കിയ തലവേദനയുടെ അനുഭവം മുന്നിൽ നിൽക്കുമ്പോഴാണ് പൊന്നാനിയിൽ ഒരു കോട്ട പണിയാനുള്ള അവകാശം സാമൂതിരി പറങ്കികൾക്ക് നൽകിയത്.
ഇത് കുഞ്ഞാലിയെ കുപിതനാക്കി. പറങ്കികൾക്ക് ഇനിയൊരു കോട്ട കെട്ടാൻ അനുവാദം കൊടുക്കരുത് എന്ന് കുഞ്ഞാലി വാദിച്ചു നോക്കിയെങ്കിലും അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളെ വകവെയ്ക്കാതെ മർമ്മസ്ഥാനമായ പൊന്നാനിയിൽ ഒരു കോട്ട കെട്ടാൻ പറങ്കികളെ സാമൂതിരി അനുവദിച്ചു. വ്യാപാരാഭിവൃദ്ധിക്ക് പോർച്ചുഗീസുകാരുമായി സൗഹാർദ്ദത്തിൽ കഴിയുന്നതാണ് നല്ലതെന്ന് കൊട്ടാരത്തിലെ ഉപജാപക സംഘം സാമൂതിരിയെ ധരിപ്പിച്ചു. വിനാശകാലത്ത് വിപരീത ബുദ്ധി യാണല്ലോ പ്രവർത്തിക്കുക. കോട്ട കെട്ടാൻ അനുമതി കൊടുത്തത് വഴി സാമൂതിരിയും കുഞ്ഞാലിയുമായി കൂടുതൽ അകന്നു. അഭിപ്രായവ്യത്യാസങ്ങൾ ഊതിവീർപ്പിക്കാൻ അഭ്യുദയകാംക്ഷികളായി ഇരുഭാഗത്തും അണിനിരന്നവർ കിണഞ്ഞു ശ്രമിക്കുകയും ചെയ്തു. ഒടുവിൽ അതൊരു ഏറ്റുമുട്ടലിൽ കലാശിച്ചു. കോഴിക്കോടിനെ ജീവൻ കൊടുത്തും കാത്തുപോന്ന കുഞ്ഞാലിയേയും അദ്ദേഹത്തിൻ്റെ നാവികസൈന്യത്തേയും നേരിടാൻ സാമൂതിരി പോർച്ചുഗീസുകാരുടെ സഹായം അഭ്യർത്ഥിച്ചു. 'കോഴിക്കോടിനെ കീഴടക്കാൻ വന്ന ക്രൂരതയുടെ പര്യായമായ പോർച്ചുഗീസുകാരെ എണ്ണിയാലൊടുങ്ങാത്ത ത്യാഗങ്ങൾ സഹിച്ച് ഒരു നൂറ്റാണ്ടോളം ഫലപ്രദമായി തടഞ്ഞു നിർത്തിയ ധീരദേശസ്നേഹികളായ മരയ്ക്കാർപ്പടയെ നശിപ്പിക്കാൻ പോർച്ചുഗീസുകാരുടെ സഹായം സാമൂതിരി അഭ്യർത്ഥിച്ചുവെന്ന് കേൾക്കുമ്പോൾ വലിയ വിരോധാഭാസമായി തോന്നാം എന്ന് വേലായുധൻ പണിക്കശ്ശേരി അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.'*
കുഞ്ഞാലി മരയ്ക്കാരെയും സാമൂതിരിയെയും തമ്മിൽ തെറ്റിക്കുകയെന്ന ലക്ഷ്യം നിറവേറ്റാൻ പറങ്കികൾക്ക് കഴിഞ്ഞു. അതിൽ അവർക്കുണ്ടായ സന്തോഷം ചെറുതായിരുന്നില്ല. അവർ ആഹ്ലാദഭരിതരായി. അവർ തങ്ങളുടെ മുഴുവൻ ശക്തിയും കുഞ്ഞാലിക്കെതിരെ തിരിച്ചുവിട്ടു. കരയിൽ സാമൂതിരിയുടെ സൈന്യവും കടലിൽ പോർച്ചുഗീസുകാരും സർവ സന്നാഹവുമായി കുഞ്ഞാലിയുടെ സൈന്യത്തെ നേരിട്ടു. രണ്ടു വൻശക്തികളുടെ ആക്രമണത്തെ ഒരുമിച്ചു നേരിടാനുള്ള കരുത്തും വലിപ്പവും കുഞ്ഞാലിയുടെ സൈന്യത്തിന് ഉണ്ടായിരുന്നില്ല. സർവനാശം മുന്നിൽ കണ്ട കുഞ്ഞാലി തൻ്റെ സൈനികരുടെ ജീവൻ രക്ഷിക്കാനായി തൻ്റെ യജമാനനായിരുന്ന സാമൂതിരിയെത്തന്നെ അഭയം പ്രാപിക്കാൻ നിശ്ചയിച്ചു. ജീവൻ പോയാലും തൻ്റെ ആജൻമ ശത്രുക്കളായ പറങ്കികൾക്ക് കീഴടങ്ങുകയില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. പോർച്ചുഗീസ് സേനയും കോഴിക്കോട് സാമൂതിരിയുടെ പടയും ചേർന്നാണ് ചാലിയത്തും പുതുപട്ടണത്തുമുള്ള കുഞ്ഞാലി നാലാമന്റെ കോട്ട ആക്രമിച്ചത്. മാസങ്ങൾ നീണ്ട ഉപരോധത്തിൽ ഭക്ഷണവും ആയുധങ്ങളും തീർന്ന് പ്രതിരോധം അസാധ്യമായപ്പോൾ, പോർച്ചുഗീസുകാർക്ക് മുന്നിൽ കീഴടങ്ങാതെ സാമൂതിരിക്ക് മുന്നിൽ കീഴടങ്ങാൻ കുഞ്ഞാലി തീരുമാനിച്ചു. തന്റെയും അനുയായികളുടെയും ജീവൻ രക്ഷിക്കാമെന്ന സാമൂതിരിയുടെ ഉറപ്പിന്മേലാണ് അദ്ദേഹം കീഴടങ്ങിയത്.1600 മാർച്ച് 16-ന് കുഞ്ഞാലി നാലാമനും അനുയായികളും കോട്ടയിൽ നിന്ന് പുറത്തുവന്ന് സാമൂതിരിക്ക് മുന്നിൽ വാളൂരിവെച്ച് കീഴടങ്ങി.
ഉടവാൾ അടിയറ വച്ച് സാമൂതിരിയുടെ മുമ്പിൽ കീഴടങ്ങിയ കുഞ്ഞാലിയെ വിട്ടുകൊടുക്കണമെന്ന് പറങ്കികൾ സാമൂതിരിയിൽ നിർബന്ധം ചെലുത്തി. തികഞ്ഞ മനോവേദനയോടെ സാമൂതിരി പറങ്കികളുടെ ആവശ്യം അംഗീകരിച്ചു. അവരെ അനുസരിക്കുകയല്ലാതെ സാമൂതിരിയുടെ മുന്നിൽ വേറെ വഴിയുണ്ടായിരുന്നില്ല. പറങ്കികൾക്ക് വിട്ടുകൊടുക്കുകയില്ല എന്ന ഉപാധിയിലാണ് കുഞ്ഞാലി സാമൂതിരിയുടെ മുന്നിൽ കീഴടങ്ങിയത്. ആ കരാർ മറന്നുകളയാൻ മാത്രമേ സാമൂതിരിക്ക് കഴിഞ്ഞുള്ളൂദേശാഭിമാനിയായ ആ ധീരയോദ്ധാവിനെ അവർ തങ്ങളുടെ ആസ്ഥാനമായ ഗോവയിലേക്കു കൊണ്ടുപോയി. എ.ഡി 1600-ൽ നടന്ന ഈ സംഭവങ്ങളുടെ ഒടുവിൽ കുഞ്ഞാലി മരയ്ക്കാർ നാലാമനെ അവർ ക്രൂരമായി വധിച്ചു.
കീഴടങ്ങൽ കരാർ കാറ്റിൽപ്പറത്തി, പോർച്ചുഗീസ് കമാൻഡർ ആന്ദ്രേ ഫുർത്താദോ (André Furtado de Mendonça) സാമൂതിരിയുടെ സാന്നിധ്യത്തിൽ വെച്ച് ബലമായി കുഞ്ഞാലിയെയും അദ്ദേഹത്തിന്റെ പ്രധാന അനുയായികളായ ചിന്ന അലി, കുട്ടി മൂസ എന്നിവരടക്കം അനേകം പേരെ തടവിൽ പിടിച്ചു. സാമൂതിരിക്ക് ഈ ചതി തടയാൻ കഴിഞ്ഞില്ല. തുടർന്ന് അവരെ ചങ്ങലയില് ബന്ധിച്ച് പോർച്ചുഗീസുകാരുടെ ആസ്ഥാനമായ ഗോവയിലേക്ക് കപ്പലിൽ കൊണ്ടുപോയി. ഗോവയിൽ എത്തിച്ച ശേഷം കുഞ്ഞാലി മരയ്ക്കാരെ പോർച്ചുഗീസുകാർ തടവറയിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. പേരിന് ഒരു വിചാരണ നടത്തിയതിനു ശേഷം പോർച്ചുഗീസ് ക്രൗണിനെതിരെ കലാപം ഉയർത്തി എന്ന കുറ്റം ചുമത്തി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.
1600 മാർച്ച് അവസാനം ഗോവയിലെ വലിയ ചതുരത്തിൽ വച്ച് ജനക്കൂട്ടത്തിന് മുന്നിൽ കുഞ്ഞാലി നാലാമനെ തലയറുത്ത് കൊന്നു. മരിച്ചിട്ടും കുഞ്ഞാലിയോടുള്ള പോർച്ചുഗീസുകാരുടെ പക അടങ്ങിയില്ല: അദ്ദേഹത്തിന്റെ ഭൗതികശരീരം നാല് ഭാഗങ്ങളായി വെട്ടിമാറ്റി, പോർച്ചുഗീസ് ആധിപത്യമുള്ള വിവിധ കടലോരങ്ങളിൽ പ്രദർശിപ്പിച്ചു. വേർപെടുത്തിയ ശിരസ്സ് ഉപ്പിലിട്ട് സൂക്ഷിച്ച് കണ്ണൂരിലേക്ക് കൊണ്ടു പോയി. മറ്റുള്ളവർക്ക് ഒരു താക്കീത് എന്നോണം കണ്ണൂരിലെ പോർച്ചുഗീസ് കോട്ടയായ സെന്റ് ആഞ്ചലോ കോട്ടയിൽ തറച്ചുവെക്കുകയും ചെയ്തു. മലബാർ തീരത്ത് പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഒരു നൂറ്റാണ്ടോളം ധീരമായി പോരാടിയ മരയ്ക്കാർ പരമ്പരയിലെ അവസാനത്തെ നാവികമേധാവി ഈ വിധം ദാരുണമായി കൊല്ലപ്പെട്ടു.
...................
അടിക്കുറിപ്പ്
* പോർച്ചുഗീസ്-ഡച്ച് ആധിപത്യം കേരളത്തിൽ എന്ന പുസ്തകം -വേലായുധൻ പണിക്കശ്ശേരി.

