പഴകി ഇല്ലാതാകുന്ന നീതി

ഇനി മുതൽ പുതിയ കേസുകളൊന്നും ഫയൽ ചെയ്തില്ലെങ്കിൽ പോലും, നിലവിലുള്ള കേസുകൾ മാത്രം തീർപ്പാക്കാൻ ഏതാണ്ട് 360 വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്റെ മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിൽ, 30 വർഷം മുമ്പ് ഫയൽ ചെയ്ത ക്രിമിനൽ അപ്പീലുകളാണ് ഇപ്പോൾ വിചാരണയ്ക്കായി പട്ടികയിൽ വരുന്നത്! 

  നിയമം | ജസ്റ്റിസ്‌ മാർകൺഠേയ കട്ജു  



കപിൽ സിബൽ എം.പി. അവതരിപ്പിക്കുന്ന 'ദിൽ സേ' എന്ന പരിപാടി ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മുൻ കേന്ദ്രമന്ത്രി കൂടിയാണ് സിബൽ. ഈ പരിപാടിയിലെ ഒരഭിമുഖത്തിൽ, ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഇന്നത്തെ അവസ്ഥയിൽ നവീകരണത്തിനോ തിരുത്തലുകൾക്കോ അതീതമായിക്കഴിഞ്ഞുവെന്ന് ഞാൻ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ ഒരു വശം മാത്രം പരിശോധിച്ചാൽ മതിയാകും; കേസുകൾ തീർപ്പാക്കുന്നതിലുണ്ടാകുന്ന അസാധാരണമായ കാലതാമസം. വർഷങ്ങളായി വിധി കാത്തുകിടക്കുന്ന ലക്ഷക്കണക്കിന് കേസുകളാണ് രാജ്യത്തെ കോടതികളിലുള്ളത്; പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവയിലൊന്നും തീരുമാനമാകുന്നില്ല.

ഇംഗ്ലീഷ് സാഹിത്യകാരൻ ചാൾസ് ഡിക്കൻസ് തന്റെ വിഖ്യാതമായ 'ബ്ലീക്ക് ഹൗസ്' (Bleak House) എന്ന നോവലിൽ 'ജാർൺഡൈസ് വേഴ്സസ് ജാർൺഡൈസ്' (Jarndyce and Jarndyce) എന്ന കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെപ്പറ്റി ഹൃദയസ്പർശിയായി കുറിച്ചിട്ടുണ്ട്. കാലം ചെല്ലുന്തോറും ആ കേസ് എത്രമാത്രം സങ്കീർണ്ണമായി മാറിയെന്നാൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന ആർക്കും തന്നെ ഇതിന്റെ കാതൽ എന്താണെന്ന് അറിയാത്ത സ്ഥിതിയായി. കേസ് നടത്തുന്ന കക്ഷികൾക്കുപോലും സ്വന്തം വ്യവഹാരത്തെക്കുറിച്ച് ഒരു രൂപവുമില്ലായിരുന്നു. ചാൻസറി കോടതിയിലെ രണ്ട് അഭിഭാഷകർക്ക് ആ കേസിന്റെ അടിസ്ഥാനകാര്യങ്ങളിൽ പൂർണ്ണമായി തർക്കത്തിലാവാതെ അഞ്ചു മിനിറ്റു പോലും പരസ്പരം സംസാരിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നു.

ആ കേസ് എത്രകാലം നീണ്ടുപോയെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല: വിചാരണയുടെ നീണ്ട ഇടവേളകളിൽ എത്രയോ കുഞ്ഞുങ്ങൾ ജനിച്ചു, അനേകം യുവാക്കളുടെ വിവാഹങ്ങൾ നടന്നു, ഒട്ടനവധി വൃദ്ധജനങ്ങൾ ലോകത്തോട് വിടപറഞ്ഞു. എന്തിനാണ്, എങ്ങനെയാണ് തങ്ങൾ ഈ 'ജാർൺഡൈസ് വേഴ്സസ് ജാർൺഡൈസ്' കേസിൽ കക്ഷികളായതെന്ന് അറിയാത്ത ഡസൻ കണക്കിന് ആളുകളുണ്ടായിരുന്നു. അനേകം കുടുംബങ്ങൾക്ക് പൂർവ്വികരിൽ നിന്ന് സ്വത്തിനൊപ്പം പാരമ്പര്യമായി കിട്ടിയത് ഈ കേസുണ്ടാക്കിയ ശത്രുതയും പകയുമായിരുന്നു. കേസിലെ എതിർകക്ഷിയായ ഒരു പിഞ്ചുകുഞ്ഞിന് പണ്ട് കളിപ്പാട്ടക്കുതിരയെ വാങ്ങിനൽകാമെന്ന് ആരോ വാഗ്ദാനം ചെയ്തിരുന്നു; എന്നാൽ കേസ് അവസാനിക്കാറായപ്പോഴേക്കും ആ കുഞ്ഞ് വളർന്നു വലുതായി, സ്വന്തമായി ഒരു യഥാർത്ഥ കുതിരയെ വളർത്തുകയും ഒടുവിൽ ഈ ലോകത്തോട് വിടപറയുകയും ചെയ്തു! കോടതിയുടെ നീതിയുക്തമായ വാക്കുകൾ മുത്തശ്ശിമാരുടെയും അമ്മൂമ്മമാരുടെയും ഓർമ്മകളിൽ നിന്നുപോലും മാഞ്ഞുപോയി. എത്രയോ ചാൻസലർമാർ കസേരകളിലിരുന്ന് പടിയിറങ്ങിപ്പോയി.

കോടതിച്ചെലവുകളുടെ രസീതുകളുടെ ഒരു നീണ്ട നിര തന്നെയുണ്ടായി, ഒടുവിൽ അവയെല്ലാം മരണ സർട്ടിഫിക്കറ്റുകളായി മാറി. പഴയ ജാർൺഡൈസ് കുടുംബത്തിലെ രണ്ടുപേരൊഴിച്ചാൽ, ചാൻസറി ലെയ്നിലെ ഏതെങ്കിലും കോഫി ഹൗസിലിരുന്ന് ഭ്രാന്തുപിടിക്കാത്ത മൂന്നാമതൊരാൾ ഈ ഭൂമുഖത്തുണ്ടാകുമോ എന്ന് സംശയമാണ്. എന്നിട്ടും കോടതിക്കു മുന്നിൽ ആ കേസിന്റെ നിരാശാജനകമായ വിചാരണ അവസാനമില്ലാതെ തുടർന്നു.

ഇന്ത്യൻ സാഹചര്യത്തിൽ ചിന്തിക്കുമ്പോൾ ഒരു ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്: ഇന്നത്തെ ഭൂരിഭാഗം ഇന്ത്യൻ കോടതികളുടെയും നേർച്ചിത്രമല്ലേ ഇത്? ആദ്യ ഹിയറിംഗിനു ശേഷം എന്തെങ്കിലും കാരണവശാൽ ഒരു കേസിന്റെ വിചാരണ മാറ്റിവെക്കപ്പെട്ടാൽ—ഉദാഹരണത്തിന് എതിർകക്ഷിയോ സർക്കാർ അഭിഭാഷകനോ മറുപടി സമർപ്പിക്കാൻ സമയം ചോദിച്ചാലോ മറ്റോ—ഹൈക്കോടതി രജിസ്ട്രിയിൽ പ്രത്യേക താല്പര്യമെടുത്ത് ഉൾപ്പെടുത്താത്ത പക്ഷം, ആ കേസ് വീണ്ടും പരിഗണനാ പട്ടികയിൽ വരാനുള്ള സാധ്യത വിരളമാണെന്ന് അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ഹൈക്കോടതികളുടെയും അവസ്ഥ ഇതുതന്നെയാകാം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ വേളയിൽ ജസ്റ്റിസ് എച്ച്.എൽ. ദത്തു പറഞ്ഞത്, സുപ്രീം കോടതിയിലെ കേസുകൾ 2 വർഷത്തിനകവും രാജ്യത്തെ കീഴ്ക്കോടതികളിലെ കേസുകൾ 5 വർഷത്തിനകവും പൂർണ്ണമായി തീർപ്പാക്കുമെന്നായിരുന്നു. ജസ്റ്റിസ് ദത്തു മാത്രമല്ല, ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ഏതാണ്ട് എല്ലാവരും തന്നെ ഇത്തരം വൻ വാഗ്ദാനങ്ങൾ നൽകാറുണ്ട്. മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ മറ്റൊരു വിചിത്രമായ നിർദ്ദേശം മുന്നോട്ടുവെച്ചു: കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനായി ജഡ്ജിമാർ വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കണമെന്ന്! എന്നാൽ കേസുകൾ തീർപ്പാക്കുന്നതിനെക്കുറിച്ച് പലരും ഘോരഘോരം സംസാരിക്കുന്നുണ്ടെങ്കിലും ആരും ഇതിൽ ആത്മാർത്ഥത കാണിക്കുന്നില്ല എന്നതാണ് കയ്പേറിയ സത്യം. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം കുതിച്ചുയരുന്നത് ഇതിന്റെ പ്രത്യക്ഷ തെളിവാണ്.

ഞാൻ സുപ്രീം കോടതി ജഡ്ജിയായിരിക്കെ, ഞാനുമുൾപ്പെട്ട ബെഞ്ച് 2007-ൽ 'മോഹ്സിൻ വേഴ്സസ് കഠോരിയ' (Mohsin vs Kathuria - ഓൺലൈനിൽ ലഭ്യമാണ്) എന്ന കേസ് പരിഗണിക്കുകയുണ്ടായി. 1947-ൽ ഫയൽ ചെയ്ത കേസായിരുന്നു അത്! അതായത്, കേസ് ഫയൽ ചെയ്ത് നീണ്ട 60 വർഷങ്ങൾക്ക് ശേഷമാണ് അതിന്റെ അന്തിമവാദം കോടതിയിലെത്തുന്നത്; തീർച്ചയായും അമ്പരപ്പിക്കുന്ന ഒന്നാണിത്. മറ്റൊന്ന് 'രാജേന്ദർ സിംഗ് (മരണപ്പെട്ടു) നിയമപരമായ പ്രതിനിധികൾ വഴി വേഴ്സസ് പ്രേം മായി' എന്ന കേസാണ് (ചാൾസ് ഡിക്കൻസിന്റെ നോവലിലെ വരികൾ ഉദ്ധരിച്ച് വിധി എഴുതിയത് ഈ കേസിലാണ്). 2007-ൽ ആ കേസിൽ വിധി പറഞ്ഞ സുപ്രീം കോടതി ബെഞ്ചിലും ഞാനുണ്ടായിരുന്നു. 1957-ൽ ഒരു കീഴ്ക്കോടതിയിൽ ഫയൽ ചെയ്ത ആ കേസിൽ വിധി വരുന്നത് 50 വർഷങ്ങൾക്ക് ശേഷമാണ്!

രാജ്യത്തെ കോടതികളിലാകെ നിലവിൽ 56.4 ദശലക്ഷം (5.64 കോടി) കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 47 ദശലക്ഷം കേസുകൾ കീഴ്ക്കോടതികളിലും, 6 ദശലക്ഷം കേസുകൾ ഹൈക്കോടതികളിലും, 96,000 കേസുകൾ സുപ്രീം കോടതിയിലുമാണ് (മറ്റ് ട്രിബ്യൂണലുകളിലെ കേസുകൾ വേറെയും). ഇനി മുതൽ പുതിയ കേസുകളൊന്നും ഫയൽ ചെയ്തില്ലെങ്കിൽ പോലും, നിലവിലുള്ള കേസുകൾ മാത്രം തീർപ്പാക്കാൻ ഏതാണ്ട് 360 വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്റെ മാതൃ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതിയിൽ, 30 വർഷം മുമ്പ് ഫയൽ ചെയ്ത ക്രിമിനൽ അപ്പീലുകളാണ് ഇപ്പോൾ വിചാരണയ്ക്കായി പട്ടികയിൽ വരുന്നത്! കീഴ്ക്കോടതികളിൽ ഇതിനകം വിചാരണയ്ക്കെടുത്ത കാലയളവിന് പുറമെയാണിത്. കീഴ്ക്കോടതിയിൽ കേസ് ഫയൽ ചെയ്ത വാദിയോ അല്ലെങ്കിൽ ക്രിമിനൽ കേസിലെ പ്രതിയോ തന്നെ ഇതിനകം മരണപ്പെട്ടിട്ടുണ്ടാകും; അല്ലെങ്കിൽ അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാകില്ല. സിവിൽ കേസുകളുടെ സ്ഥിതിയും ഭിന്നമല്ല. 

ബോംബെ ഹൈക്കോടതിയിൽ 25 വർഷത്തിലേറെയായി കേസുകൾ കെട്ടിക്കിടക്കുകയാണെന്ന് എന്നോട് പറയുകയുണ്ടായി. അവിടുത്തെ അവസ്ഥ ചാൾസ് ഡിക്കൻസിന്റെ നോവലിലെ 'ജാർൺഡൈസ് വേഴ്സസ് ജാർൺഡൈസ്' കേസ് പോലെ തന്നെയാണ്; കേസിന്റെ വാദം കേൾക്കുന്നതിനായി തീയതിക്കു മേൽ തീയതികൾ ('താരീഖ് പേ താരീഖ്') നീണ്ടുപോയിക്കൊണ്ടേയിരിക്കുന്നു. ഇത്തരത്തിൽ തീർപ്പുകൽപ്പിക്കലിൽ അസാധാരണമായ കാലതാമസമാണ് 

(സിയാസത്ത്‌ ഉർദ്ദു പത്രത്തിൽ നിന്ന്. സപ്തംബർ 12)

Follow us on WhatsApp

bahuswara

Previous Post Next Post