അധികാരത്തിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ, സാമ്രാജ്യത്വ ശക്തികൾക്കെതിരെ നിർഭയമായി തൂലിക ചലിപ്പിച്ച റോബർട്ട് ഫിസ്കിന്റെ അഭാവം മാധ്യമലോകത്തിന് എക്കാലത്തെയും വലിയൊരു നഷ്ടം തന്നെയാണ്.
ഒക്ടോബർ 30: പ്രശസ്ത ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും യുദ്ധകാര്യ ലേഖകനുമായ റോബർട്ട് ഫിസ്കിന്റെ ഓർമ്മദിനം
ഓർമ | ഫൈസൽ ബാവ
പശ്ചിമേഷ്യ വീണ്ടും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. എല്ലാ കാലത്തും സംഘർഷഭരിതമായ ഈ മണ്ണിൽ, എത്ര സമാധാനശ്രമങ്ങൾ നടന്നിട്ടും ഫലസ്തീൻ ഇന്നും ഉണങ്ങാത്ത ഒരു മുറിവായി നിലനിൽക്കുന്നു. ആ മുറിവുണങ്ങാൻ അനുവദിക്കാതെ ഇസ്രായേലും, കൂടുതൽ ആഴത്തിലുള്ള മുറിവുകൾ തീർത്ത് അമേരിക്കയും അധിനിവേശവും ആക്രമണവും തുടരുകയാണ്. പലപ്പോഴും ഇത്തരം സംഘർഷഭൂമികളിലെ യാഥാർത്ഥ്യങ്ങൾ പുറംലോകമറിഞ്ഞത് ആർജ്ജവമുള്ള ചുരുക്കം ചില മാധ്യമപ്രവർത്തകരിലൂടെയാണ്. പശ്ചിമേഷ്യൻ മണ്ണിൽ ഉറച്ച നിലപാടോടെ നിന്ന് സത്യം വിളിച്ചുപറഞ്ഞ അത്തരം മാധ്യമപ്രവർത്തകരിൽ പ്രധാനിയായിരുന്നു 2020 ഒക്ടോബർ 30-ന് അന്തരിച്ച ബ്രിട്ടീഷ് പത്രപ്രവർത്തകൻ റോബർട്ട് ഫിസ്ക്.
ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും യുദ്ധവെറിയോടെ ജനങ്ങളെ വിനാശത്തിലേക്ക് നയിക്കുമ്പോൾ, അധികാര കേന്ദ്രങ്ങളുടെ മുഖത്തുനോക്കി സത്യം വിളിച്ചുപറയുക എന്നതാണ് പത്രപ്രവർത്തനത്തിന്റെ പരമപ്രധാനമായ ധർമ്മമെന്ന് ലോകത്തെ ഓർമ്മിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യ വീണ്ടും കത്തിയെരിയുന്ന ഈ കാലത്ത് വാർത്തകൾ വായിക്കുമ്പോൾ, ഇറാഖ് യുദ്ധകാലത്തെ ഫിസ്കിന്റെ റിപ്പോർട്ടുകളുടെ മൂല്യം നാം കൂടുതൽ തിരിച്ചറിയുന്നു. സയണിസ്റ്റ്-അമേരിക്കൻ കൂട്ടുകെട്ടിന്റെ കപടനിർമ്മിതികളെ തകർത്തെറിഞ്ഞ്, ചോരയിറ്റുന്ന മണ്ണിൽ നിന്ന് നിർഭയം സത്യങ്ങൾ പുറത്തുകൊണ്ടുവന്ന അദ്ദേഹത്തിന്റെ വിയോഗം മാധ്യമലോകത്ത് നികത്താനാവാത്ത ഒരു വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
2005-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ 'ദ് ഗ്രേറ്റ് വാർ ഫോർ സിവിലൈസേഷൻ: ദ കോൺക്വസ്റ്റ് ഓഫ് ദ മിഡിൽ ഈസ്റ്റ്' എന്ന പുസ്തകം അഞ്ച് പതിറ്റാണ്ടുകാലത്തെ പശ്ചിമേഷ്യൻ ചോരപ്പുഴകളുടെ കൃത്യമായ ചരിത്രരേഖയാണ്. ഒസാമ ബിൻ ലാദൻ, അയത്തുള്ള ഖൊമൈനി, സദ്ദാം ഹുസൈൻ, ഏരിയൽ ഷാരോൺ തുടങ്ങി കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ഈ മേഖലയെ പിടിച്ചുലച്ച വ്യക്തികളെയെല്ലാം അദ്ദേഹം നേരിൽക്കണ്ട് സംസാരിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ആയുധവ്യാപാരികൾ മാത്രമാണെന്ന് പുസ്തകത്തിലെ 'ആയുധവ്യാപാരികൾ അഭിവൃദ്ധി പ്രാപിക്കുന്നു' എന്ന അധ്യായത്തിൽ അദ്ദേഹം തുറന്നെഴുതി. ഇറാഖിലെ അമേരിക്കൻ അധിനിവേശത്തെ അക്കാലത്ത് അദ്ദേഹം അതിശക്തമായി വിമർശിച്ചു. തങ്ങളുടെ മാരകായുധങ്ങളുടെ വിപണനപ്രദർശനമാണ് ഫോക്സ് ന്യൂസ് പോലുള്ള പാശ്ചാത്യ ചാനലുകൾ 'ഭീകരവിരുദ്ധ പോരാട്ടം' (War on Terror) എന്ന ലേബലിൽ നടത്തുന്നതെന്നും, ഇത് പത്രധർമ്മത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം വാദിച്ചു.
റോബർട്ട് ഫിസ്കിന്റെ നിരീക്ഷണങ്ങൾ പാശ്ചാത്യ ജനതയെപ്പോലും ചിന്തിപ്പിച്ചു. മധ്യേഷ്യയിലെ സ്വേച്ഛാധിപതികൾക്ക് പാശ്ചാത്യ ശക്തികൾ നൽകിയ പരസ്യപിന്തുണയും, ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന് നൽകിയ പ്രോത്സാഹനവുമാണ് ലക്ഷക്കണക്കിന് മനുഷ്യർക്കിടയിൽ പടിഞ്ഞാറൻ രാജ്യങ്ങളോടുള്ള വിദ്വേഷം വളർത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. സെപ്റ്റംബർ 11 ആക്രമണത്തെ ക്രൂരമായ ഭീകരതയായി കാണുമ്പോൾത്തന്നെ, അതിലേക്ക് നയിച്ച അമേരിക്കയുടെ വഞ്ചനാപരമായ വിദേശനയങ്ങളെയും കുറ്റവിചാരണ ചെയ്യാൻ ഫിസ്ക് മടിച്ചില്ല. അതുകൊണ്ടുതന്നെ, യുദ്ധത്തിന്റെ കരിനിഴലിൽ ലോകം വീണ്ടും വിറങ്ങലിച്ചു നിൽക്കുന്ന ഈ കാലത്ത് അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ യുദ്ധമുഖത്തെ യഥാർത്ഥ ചിത്രം ലോകത്തിന് ലഭിക്കാൻ പ്രയാസമുണ്ടാകുമായിരുന്നില്ല.
1968-ൽ ലങ്കാസ്റ്റർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തുടർന്ന് ഡബ്ലിൻ ട്രിനിറ്റി കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ പിഎച്ച്.ഡിയും നേടിയ ശേഷമാണ് ഫിസ്ക് പത്രപ്രവർത്തനത്തിലേക്ക് എത്തിയത്. 'സൺഡേ എക്സ്പ്രസ്', 'ദി ടൈംസ്' എന്നീ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം, റൂപർട്ട് മർഡോക്ക് ടൈംസ് ഏറ്റെടുത്തതോടെയുണ്ടായ വിയോജിപ്പുകളെത്തുടർന്ന് പടിയിറങ്ങി 'ദി ഇൻഡിപെൻഡന്റിൽ' ചേർന്നു. 1976 മുതൽ ബെയ്റൂട്ട് ആസ്ഥാനമാക്കി പ്രവർത്തിച്ച ഫിസ്ക്, ലെബനൻ ആഭ്യന്തരയുദ്ധം നേരിട്ട് റിപ്പോർട്ട് ചെയ്യുകയും കുപ്രസിദ്ധമായ സബ്ര-ശാത്തീല കൂട്ടക്കൊല നടന്ന ഇടത്തേക്ക് ആദ്യമെത്തിയ പത്രപ്രവർത്തകരിലൊരാളാവുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഇടപെടലുകൾ ഗൾഫിൽ മാത്രമായി ഒതുങ്ങിനിന്നില്ല. 1970-കളിലെ വടക്കൻ അയർലൻഡ് പ്രശ്നങ്ങൾ, 1974-ലെ പോർച്ചുഗീസ് വിപ്ലവം, 1979-ലെ ഇറാൻ വിപ്ലവം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം, ഇറാൻ-ഇറാഖ് യുദ്ധം, 1991-ലെ ഗൾഫ് യുദ്ധം, 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം തുടങ്ങി ലോകചരിത്രത്തിലെ നിർണായകമായ ഒട്ടനവധി ഏടുകൾ അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു. ഇന്നത്തെ പല രാജ്യങ്ങളിലെയും അതിർത്തിപ്രശ്നങ്ങൾക്ക് കാരണം ചരിത്രത്തിൽ സാമ്രാജ്യത്വങ്ങൾ ഭൂപടങ്ങളിൽ വെട്ടിത്തിരിച്ച വരകളാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം വലിയ ചർച്ചകൾക്ക് വഴിവെച്ചു.
അധികാരത്തിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ, സാമ്രാജ്യത്വ ശക്തികൾക്കെതിരെ നിർഭയമായി തൂലിക ചലിപ്പിച്ച റോബർട്ട് ഫിസ്കിന്റെ അഭാവം മാധ്യമലോകത്തിന് എക്കാലത്തെയും വലിയൊരു നഷ്ടം തന്നെയാണ്.
