കവിത | ഹഫ്സത്ത് അരക്കിണർ
കാലങ്ങളായി മൗനം
ഒളിച്ചുകടത്തിയ
നെഞ്ചിടിപ്പുകൾക്കുമീതെ
ഞാനടയിരിക്കുകയാണ്.
പേക്കിനാക്കൾ കടലിൻ്റെ ഓളപ്പരപ്പിലുലയുന്ന
നൗകയിലേറി ഭീകര താണ്ഡവമാടുന്നു.
ഇടുക്കത്തിൻ്റെ തടവറ
നാവിൻതുമ്പിനെ ഭയപ്പെടുത്തുന്നു, ശബ്‌ദിക്കരുത്.
ചുണ്ടുകൾ ചേർത്തുതുന്നാനെടുത്ത
വെടിക്കോപ്പുവെച്ചാണ് അടയാളങ്ങളഴിപ്പിക്കുന്നത്.
ചോർച്ചക്കുതാഴെ വലിയൊരു സംഭരണി വെച്ചിട്ടുണ്ട്.
നിറഞ്ഞുതുളുമ്പാറാകുമ്പോൾ
പാത്രം മാറ്റണം.
തെരുവുകളിൽ ചവച്ചുതുപ്പിയ
യോനിക്കുള്ളിലായി
ഭീരു വളർച്ചപ്രാപിക്കുന്നുണ്ട്.
ഗർഭകാലം ആയുസ്സാണ്.
ഹേ അധിപാ,
അക്രമം തുടരുക.
കണക്കുചോദിക്കുന്ന കാലത്തിലാണ്
എൻ്റെ സമരഗീതം.
നടുവൊടിഞ്ഞവന് സഹനത്തിൻ്റെ
പാത വിചിത്രമല്ല.
അലക്കുയന്ത്രം
വെറുപ്പിനെ
വെളുപ്പിച്ചെടുക്കട്ടേ!
